കാവന്നൂർ ഗ്രാമം അന്ന് ഉറക്കമുണർന്നത് നടുക്കുന്ന ഒരു വാർത്തയും കേട്ടുകൊണ്ടാണ് .തമിഴ്നാട്ടിലെ ഡിണ്ടിഗല്ലിൽ വച്ചുണ്ടായ വാഹനാപകടത്തിൽ കേരളത്തിൽ നിന്ന് സ്റ്റഡി ടൂറിന് പോയ രണ്ട് ഡിഗ്രി വിദ്യാർത്ഥിനികൾ ,അശ്വതി ,സാന്ദ്ര തോമസ് ദാരുണമായി മരണപ്പെട്ടിരിക്കുന്നു. അശ്വതി സംഭവസ്ഥലത്തു വച്ചും സാന്ദ്ര തോമസ് ഹോസ്പിറ്റലിൽ വച്ചും. രണ്ടു പേരും ഒരേ നാട്ടുകാർ ഉറ്റ സുഹൃത്തുക്കൾ സ്കൂൾ തലം മുതൽ ഒരുമിച്ച് പഠിക്കുന്നവർ .ഒരു ഗ്രാമം മുഴുവൻ അവരുടെ ചേതനയറ്റ ശരീരങ്ങൾ വഹിച്ചുകൊണ്ടുള്ള ആബുലൻസുകളുടെ വരവിനായി കാത്തിരുന്നു .....
ഓറഞ്ചു നിറമാർന്ന പരം പിതാ പരമാത്മാവിന്റെ ലോകം .. ആ ദൈവ സന്നിധിയിലേയ്ക്കുള്ള സാന്ദ്രാ തോമസിന്റെ ആത്മാവിന്റെ യാത്ര പ്രവേശന കവാടത്തിൽ തടയപ്പെട്ടു .അങ്ങകലെ ദിവ്യപ്രകാശത്തിൽ നിന്ന് ഒരശരീരിയുണ്ടായി .. ഏയ് പുണ്യാത്മാവെ നിനക്ക് പരമാത്മാവിന്റെ ലോകത്തേക്ക് പ്രവേശിക്കുവാനുള്ള സമയo സംജാതമായിട്ടില്ല നിന്നിലേയക്കു തന്നെ നീ തിരിച്ചു പോകൂ...
വേനൽ മഴയ്ക്ക് മുന്നോടിയായി കാറ്റ് ആഞ്ഞുവീശി സെന്റ് ജോസഫ് ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിലെ സാന്ദ്രാ തോമസിന്റെ ശവകുടീരത്തിലെ മെഴുകുതിരികൾ അണഞ്ഞു .. എങ്ങും നിശബ്ദത കുറ്റാകൂരിരുട്ട് പെട്ടെന്ന് ആകാശത്തെ നെടുകെ പിളർന്നപോലെ വെള്ളിടി വെട്ടി. കാതടപ്പിക്കുന്ന ഇടിനാദവും .മിന്നലിന്റെ വെളിച്ചം മാർമ്പിൾ ഫലകങ്ങളിൽ തട്ടി പ്രതിഫലിച്ചു.. ആകാശത്തിന്റെ അനന്തതകളിൽ നിന്നതാ മെല്ലെപുകച്ചുരുളുകൾ ഇറങ്ങി വന്നു .അതൊരു അവ്യക്തമായ മഞ്ഞുകണങ്ങൾ നിറഞ്ഞ രൂപം പോലെ കാണപ്പെട്ടു.സാന്ദ്രാ തോമസിന്റെ കുഴിമാടത്തിന്റെ മുകളിൽ അതു നിലയുറപ്പിച്ചു .പെട്ടന്നതാ കുഴിമാടത്തിന്റെ മുകളിലെ കോൺക്രീറ്റ് പാളികളിൽ വിള്ളലുണ്ടായി .. പുകച്ചുരുളുകൾ ഭൂമിയ്ക്കുള്ളിലേക്കെന്ന പോലെ കുഴിമാടത്തിനകത്തേയ്ക്ക് വലിച്ചെടുക്കപ്പെട്ടു ...
വല്ലാത്തൊരു ദീർഘശ്വാസത്തോടെ സാന്ദ്രാ തോമസ് കണ്ണുകൾ തുറന്നു .എത്ര നേരം അങ്ങിനെ കിടന്നു എന്നറിയില്ല പതുക്കെ പതുക്കെ അവൾ സ്വബോധത്തിലേയ്ക്ക് തിരികെ വന്നു. ഓർമ്മ വച്ച കാലം മുതൽ അപകടം നടക്കുന്നതിന് മുൻപു വരെയുള്ള കാര്യങ്ങൾ സെക്കന്റുകൾക്കുള്ളിൽ അവളുടെ തലച്ചോറിനുള്ളിലൂടെ കടന്നു പോയി .ഉറക്കെ അലറി കരഞ്ഞുകൊണ്ടവൾ ചാടിയെഴുന്നേൽക്കുവാൻ ശ്രമിച്ചു.ശരീരം അനക്കുവാൻ പോലും സാധിക്കുന്നില്ല .ശ്വാസം വലിക്കുവാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ട് .. ഒരജ്ഞാത ലോകത്ത് ബന്ധിക്കപ്പെട്ട പോലെ അവൾക്കു തോന്നി,ഇനിയൊരു രക്ഷപെടൽ ഇവിടെ നിന്ന് അത സാധ്യമാണ് ..സർവ്വശക്തിയുമെടുത്ത് മുകളിലേക്ക് തള്ളി നോക്കി ... ഉറക്കെ ഉറക്കെ അവൾ അലറി വിളിച്ചു ..താൻ കുഴിമാടത്തിനുള്ളിൽ അടക്കപ്പെട്ടിരിക്കുകയാണെന്ന സത്യം അവൾ തിരിച്ചറിഞ്ഞു ...
ഉറക്കം വരാതെ അയാൾ തിരിഞ്ഞും മറിഞ്ഞും കിടന്നു മൊബൈൽ എടുത്ത് സമയം നോക്കി രാത്രി 12 കഴിഞ്ഞിരിക്കുന്നു .. അപ്പുറത്തെ പറമ്പിൽ നായ്ക്കൾ കൂട്ടത്തോടെ ഓരിയിടുന്നുണ്ട് .വേനൽ മഴയക്ക് മുൻപായി കാറ്റും കനത്ത ഇടിയും മിന്നലും .. കാതടപ്പിക്കുന്ന ഇടിമിന്നൽ കറങ്ങും പോയി .. മിന്നലും നിശബ്ദതയെ ഭഞ്ജിക്കുന്ന കാതടപ്പിക്കുന്ന ഇടിമുഴക്കവും നല്ല തണുത്ത കാറ്റ് വീശുന്നുണ്ട് പുറത്ത് എവിടെയോ നല്ല മഴ പെയ്യുന്നുണ്ട് മനസ്സിൽ തോന്നി എന്തോ ഒരസ്വഭാവികത വല്ലാത്തൊരു ഭാവമാറ്റം പ്രകൃതിയ്ക്ക് .ചൂടുണ്ടായിട്ടും അയാൾ പുതപ്പ് വലിച്ചെടുത്ത് വാരി പുതച്ചു കിടന്നു .കാലിൽ എന്തോ തണുത്ത ഒരു സ്പർശം പോലെ ... ശരത്തേട്ടാ .. എന്ന ഒരു തേങ്ങൽ പോലെയുള്ള ഒരു വിളി ... തോന്നിയതാണോ അല്ല തോന്നലല്ല .. ഒരു തണുത്ത കരസ്പർശമുണ്ട് തന്റെ കാലിൽ എന്നയാൾ തിരിച്ചറിഞ്ഞു .. ഇടിമിന്നലിന്റെ വെളിച്ചം ചില്ലുജാലകത്തിലൂടെ മുറിയിലേക്കാകെ ഇരച്ചുകയറുന്നുണ്ട് .. ചന്ദനത്തിരിയുടെ ഗന്ധമാകെ മുറിക്കുള്ളിൽ നിറഞ്ഞു ... അയാൾ മെല്ലെ തലയുയർത്തി കാൽക്കലേയ്ക്ക് നോക്കി.. ഒരു തരിപ്പ് കാലിൽ നിന്ന് ഉടലാകെ ഇരച്ചു കയറി ഇടിമിന്നലിന്റെ വെളിച്ചത്തിൽ ഒരു മിന്നായം പോലെ അയാൾ കണ്ടു.. കാലിന്റെ ഭാഗത്തായി കട്ടിലിൽ ഇരിക്കുന്ന അവ്യക്തമായ ഒരു രൂപം... അയാൾ ഒന്നേ നോക്കിയുള്ളൂ.. ചാടി പിടഞ്ഞ് എഴുന്നേൽക്കാൻ ശ്രമിച്ചു ഇല്ല പറ്റുന്നില്ല കയ്യോ കാലോ ചലിപ്പിക്കാൻ പറ്റുന്നില്ല അലറി വിളിക്കാൻ നോക്കി ശബ്ദം പുറത്തേക്ക് വരുന്നില്ല .. തൊണ്ട വരളുന്ന പോലെ .. ശരീരമാകെ വിറക്കുന്നു മുറിയിലാകെ കട്ടപിടിച്ച കൂരിരുട്ട് ..ഇല്ല ഇനി അങ്ങോട്ട് നോക്കാൻ വയ്യ .അതിനുള്ള ധൈര്യവുമില്ല .എന്നാലും അടുത്ത മിന്നലിൽ അയാൾ സർവ്വ ശക്തിയുമെടുത്ത് തലയുയർത്തി നോക്കി ഇല്ല ഒന്നുമില്ല തനിക്ക് തോന്നിയതാവാം അയാൾ ബെഡ് സ്വിച്ചിലേയ്ക്ക് വിരലുകൾ മാറി മാറി അമർത്തി ഇല്ല കരണ്ടു പോയിരിക്കുകയാണല്ലോ എന്ന് അപ്പോഴാണയാൾ ഓർത്തത് .സ്വയം ശപിച്ചു കൊണ്ടയാൽ ഫോണിനായി പരതി ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് മിന്നലിന്റെ വെളിച്ചം മുറിയിലേയ്ക്ക് ഇരച്ചു കയറി കൊണ്ടിരുന്നു .മേലാകെ വിയർത്തിരിക്കുന്നു .. നെഞ്ചിടിപ്പ് അതിന്റെ ഉച്ചസ്ഥായിലെത്തിയിരിക്കുന്നു .. കയ്യിൽ തട്ടിയ മൊബൈൽ എടുത്ത് അയാൾ സ്ക്രീൻ പാറ്റേണുകൾ അമർത്തി അമർത്തി അൺലോക് ചെയ്യാൻ ശ്രമിച്ചു കൊണ്ടേയിരുന്നു .. നാശം എന്ത് ബുദ്ധിഭ്രമമാണ് ഒരു നിമിഷത്തേക്കെങ്കിലും പാറ്റേൺ മറന്നു പോയിരിക്കുന്നു മൊബൈൽ ലോക്ഡ് .. എന്നയാളുടെ സ്ക്രീനിൽ തെളിഞ്ഞുവന്നു നാശം അയാളത് കിടക്കയിലേയ്ക്ക് വലിച്ചെറിഞ്ഞു .സർവ്വ ശക്തിയുമെടുത്ത് ചാടി എണീറ്റു ദാഹിക്കുന്നു തൊണ്ട വരളുന്നു.. മേശയിലിരിക്കുന്ന ജഗ്ഗ് തുറന്ന് വെള്ളം മുഴുവൻ ആർത്തിയോടെ കുടിച്ചു തീർത്തു.മിന്നലിന്റെ വെളിച്ചത്തിൽ ഒരിക്കൽ കൂടി അയാൾ തന്റെ കട്ടിലിന്റെ കാൽ ഭാഗത്തേയക്ക് നോക്കി .. അയാൾ പതുക്കെ ജനലിന്റെ കൊളുത്തുകൾ വിടീച്ച് ഒരു ചെറിയ വിടവിലൂടെ അപ്പുറത്തെ പറമ്പിലേയക്ക് നോക്കി .. മനുഷ്യ മാംസം കത്തുന്നതിന്റെ മണം ആ ജനൽ വിടവിലൂടെ അകത്തേക്ക് കയറാൻ തുടങ്ങി നായകൾ കൂട്ടത്തോടെ ഓരിയിടുന്നുണ്ട് .. ആഞ്ഞു വീശുന്ന കാറ്റിൽ കത്തി തീരാത്ത അവളുടെ ചിതയിൽ കത്താൻ അവശേഷിച്ച നെഞ്ചിന്റെ കനലുകളിൽ തീയാളുന്നത് അയാൾ കണ്ടു .. ഒരു നിമിഷം അയാൾ ശക്തിയോടെ ജനലുകളടച്ചു കാലുകൾ കുഴയുന്നു നിലത്തുറക്കാത്ത പോലെ തല കറങ്ങുന്ന പോലെ ഭ്രാന്തു പിടിക്കുന്ന നിമിഷങ്ങൾ തലയിലാകെ പെരുത്തു കയറുന്ന പോലെ അയാൾ ആടിയാടി കട്ടിലിലേയക്ക് വീണു .. തല വഴി മൂടിപ്പുതച്ച് കിടന്നു ഇടിമിന്നലിന്റെ മുഴക്കത്തിനൊപ്പം ഒരു മുരൾച്ച ..അപ്പുറത്തെ നായ്ക്കളുടേതാണോ താനടച്ച ജനാല കുറ്റിയിടാൻ മറന്നു പോയോ അതു തുറന്ന് അതിലൂടെ ആരോ നോക്കുന്ന പോലെ തോന്നി അയാൾക്ക് ...
അയാൾ കണ്ണുകൾ ഇറുകിയടച്ചു കിടന്നു ഓർമ്മകൾ പുറകിലേയ്ക്ക് പോയി .. അഛ്ചന് കുടുoബ ഓഹരിയായി കിട്ടിയ സ്ഥലത്തിൽ നിന്ന് 10 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് വച്ചപ്പോഴാണ് അതു വാങ്ങി വീടുവച്ച് അവളുടെ കുടുംബം തൊട്ടപ്പുറത്ത് താമസമാക്കിയത് .അന്നയാൾക്ക് +2 കഴിഞ്ഞിരിക്കുന്ന പ്രായം ആ കുടുംബത്തിലെ മുത്ത കുട്ടിയായിരുന്നു 8 -ആം തരത്തിൽ പഠിച്ചിരുന്ന അച്ചുവെന്ന അശ്വതി .നല്ല അടക്കവും ഒതുക്കവും അച്ചടക്കവുമുള്ള പട്ടു പാവാടക്കാരി പെൺകുട്ടി. അവളുടെ കളിയും ചിരിയും കുസൃതികളും .. എന്നു തൊട്ടോ അവൾ അയാളുടെ മനസ്സിൽ ചേക്കേറാൻ തുടങ്ങി അവരുടെ തമാശകളും കുസൃതികളും അവസാനം പ്രണയത്തിലേയ്ക്ക് വഴിമാറി. നോക്കിലും വാക്കിലും പ്രണയം കൈമാറി ആ ബന്ധം പൂത്തുലഞ്ഞുകൊണ്ടെയിരുന്നു ..ഒരു നാൾ വീട്ടുകാരും ബന്ധുക്കളും അറിഞ്ഞു വീട്ടുകാർ തമ്മിൽ വഴക്കിനും ശത്രുതയ്ക്കുമൊക്കെ അതിനിടയാക്കി .അങ്ങനെയൊക്കെ ആയെങ്കിലും പൂർവ്വാധികം ശക്തിയിൽ പ്രണയം തുടർന്നുകൊണ്ടെയിരുന്നു .ഇതിനിടയിലാണ് അയാൾ ജോലി തേടി വിദേശത്തേക്ക് യാത്രയായത് നീണ്ട കാലത്തെ അവരുടെ പ്രണയത്തിന്നും കാത്തിരുപ്പിനും ഒടുവിൽ വീട്ടുകാർ തന്നെ മുട്ടുമടക്കി .ഒരാഴ്ച മുൻപായിരുന്നു അവരുടെ വിവാഹ നിശ്ചയം രണ്ടാഴ്ചത്തെ ലീവിനു ശേഷം തിരികെ പോകാനിരിക്കുകയായിരുന്നു അയാൾ .. പോവണ്ടാന്ന് പലവട്ടം പറഞ്ഞതാണ് അവളോട് വിവാഹം കഴിഞ്ഞാൽ ഇങ്ങനൊരു യാത്ര ഇനിയില്ലല്ലോ ശരത്തേട്ടാ എന്ന് പറഞ്ഞ് പോയവളാണ് അപ്പുറത്തെ പറമ്പിൽ എരിഞ്ഞു തീർന്നു കൊണ്ടിരിക്കുന്നത് .. അയാൾക്ക് തലയ്ക്ക് ഭ്രാന്തു പിടിക്കുന്നതു പോലെ തോന്നി .. അയാൾ ഭീതിയോടെ ജനലിലേയ്ക്ക് നോക്കി അതാ നേരത്തെ തുറന്നടച്ച ജനൽ മലർക്കെ തുറന്നു കിടക്കുന്നു .. തീ കട്ട പോലെ ജ്വലിക്കുന്ന കണ്ണുകളോടെ ഒരു രൂപം ജനലിലൂടെ തന്നെ തന്നെ നോക്കി നിൽക്കുന്നത് ഇടിമിന്നലിന്റ വെളിച്ചത്തിലയാൾ കണ്ടു. അയാൾ ഉറക്കെ അലറി കരഞ്ഞു കൊണ്ട് ചാടി എഴുന്നേറ്റു പക്ഷെ ശബ്ദം പുറത്തു വരാതെ തൊണ്ടയിൽ തന്നെ തങ്ങി നിന്നു .അയാൾ ബോധരഹിതനായി കിടക്കയിലേക്ക് വീണു .. അവ്യക്തമായ ഒരു വെളുത്ത രൂപം ജനലിലൂടെ മുറിക്കുള്ളിലേയ്ക്ക് പ്രവേശിച്ചു എന്റെ ശരത്തേട്ടാ എന്നുള്ള തേങ്ങൽ ആ മുറിയിലാകെ മുഴങ്ങി ...
വല്ലാത്തൊരാവേശത്തോടെ അയാൾ കിടക്കയിൽ നിന്ന് ചാടി എഴുന്നേറ്റു വീടിന്റ വാതിലുകൾ ഓരോന്നായി അയാൾക്കു മുൻപിൽ മലർക്കെ തുറക്കപ്പെട്ടു.ആ കൂരിരുട്ടിൽ അയാളുടെ കണ്ണുകൾ തികട്ട പോലെ ജ്വലിക്കുന്നുണ്ടായിരുന്നു. വീടിനു പുറകിലെ തൊടിയും കടന്ന് അയാൾ പാടത്തേയക്ക് ഇറങ്ങി വഴി വരമ്പിലൂടെ ധൃതിയിൽ നടന്നു നീങ്ങി .. ജ്വലിക്കുന്ന കണ്ണുകളുള്ള സ്ത്രീരൂപമായിരുന്നു അയാൾക്കപ്പോൾ .അയാളെ നോക്കി നായകൾ നീട്ടത്തിൽ ഒരിയിടുവാൻ തുടങ്ങി.നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് വീണ്ടും ഇടിവെട്ടി .. ചാറ്റൽ മഴ പെയ്യുവാൻ തുടങ്ങി ,അയാൾക്കെതിരെ നടന്നു വന്ന ഒരു നായ ദീനരോദനത്തോടെ ദൂരേയ്ക്ക് എടുത്തെറിയപ്പെട്ടു .അയാളുടെ തലയ്ക്കു മുകളിലൂടെ തീഗോളങ്ങൾ ദൂരേയക്ക് പറന്നു പോയി.ദൂരെ മരത്തിനു മുകളിലിരുന്ന് കാലൻകോഴി കൂവാൻ തുടങ്ങി .. ഏക്കറുകണക്കിന് വിസ്തൃതമായി കിടക്കുന്ന പാടത്തിനു നടുവിലൂടെ അയാൾ സെന്റ് ജോസഫ് പള്ളി സെമിത്തേരി ലക്ഷ്യമാക്കി നടന്നു ...
ഇടിമിന്നലിന്റെ വെളിച്ചത്തിൽ അയാൾ സെമിത്തേരിയുടെ മതിൽ ചാടി കടന്നു. മതിലിൽ ചാരി വച്ചിരുന്ന കമ്പി പാരയും മൺവെട്ടിയുമെടുത്ത് അയാൾ സാന്ദ്രയുടെ കുഴിമാടത്തിനെ ലക്ഷ്യമാക്കി നടന്നു .. കുഴിമാടത്തിന് മുകളിലെ കോൺക്രീറ്റ് സ്ലാമ്പുകൾ അയാൾ കമ്പി പാര കൊണ്ട് ഇളക്കി മാറ്റി.മിന്നലിനൊപ്പം കനത്ത മഴയും പെയ്യാൻ തുടങ്ങി. മൺവെട്ടി പലതവണ വായുവിൽ ഉയർന്നു താഴ്ന്നു .. കുഴിമാടത്തിയേക്ക് ഒലിച്ചിറങ്ങിയ വെള്ളത്തോടൊപ്പം അയാൾ മണ്ണെല്ലാം കോരി മുകളിലേയ്ക്ക് എറിഞ്ഞു കൊണ്ടിരുന്നു .. ദിഗന്തങ്ങൾ നടുങ്ങിയ ഒരിടിമിന്നൽ പള്ളി പറമ്പിലെ തെങ്ങിനെ രണ്ടായി പിളർത്തി വലിയൊരു തീഗോളമായി മുകളിലേയക്ക് പോയി .. അയാൾ ശവപ്പെട്ടിയുടെ മൂടി വലിച്ചെടുത്ത് മുകളിലേയ്ക്ക് വലിച്ചെറിഞ്ഞു ..അയാള വളെ കുഴിമാടത്തിൽ നിന്നും എടുത്തുയർത്തി തറയിൽ വച്ചു .കുഴിമാടത്തിൽ നിന്നും കയറി വന്നയ്യാൾ അവളെയും കോരിയെടുത്ത് ചുമലിലിട്ട് പ്രധാന വഴി ലക്ഷ്യമാക്കി വേഗത്തിൽ നടന്നു .അയാളുടെ പുറകിലായി തൂങ്ങിയാടുന്ന അവളുടെ കൈകളിലൂടെയും മുടിയിലൂടെയും മഴവെള്ളം ഇറ്റിറ്റു വീണു കൊണ്ടെയിരുന്നു ...
സാന്ദ്രാ തോമസിൽ ജീവന്റെ തുടിപ്പുണ്ടെന്ന് ഉറപ്പാക്കിയതിനു ശേഷം അയാൾ അത്യാഹിത വിഭാഗത്തിന്റെ മുറി വിട്ട് പുറത്തിറങ്ങി ഹോസ്പിറ്റൽ കോമ്പൗണ്ടിലൂടെ വേഗത്തിൽ നടന്നു നീങ്ങി .കല്പാത്തി പുഴയും നീന്തി കടന്ന് പാടവും കടന്ന് ഞൊടിയിടയിൽ അയാൾ വീട്ടിനടുത്തെത്തി ,പടിഞ്ഞാറെ തൊടിയോടു ചേർന്ന് പാമ്പും കാവിലെ നാഗത്തറയിൽ കാലെടുത്തു വച്ചതും അയാൾ ഒരലർച്ചയോടെ തളർന്നുവീണു ...
പുഴയ്ക്കക്കരെ ശിവക്ഷേത്രത്തിൽ നിന്ന് കതിനാ വെടികൾ മുഴങ്ങി .. സമയം 3 മണിയായിരിക്കുന്നു .ഇടിമിന്നലും മഴയുമെല്ലാം മാറി പ്രക്യതി നിശബ്ദയായി പുലരാൻ വെമ്പി നിൽക്കുന്നു .. അയാൾ പതുക്കെ കണ്ണുകൾ തുറന്നു . സ്ഥലകാലബോധമില്ലാത്ത പോലെ അയാൾ ചുറ്റും പരതി.. ഇന്നലെ ഏറെ സങ്കടപ്പെട്ട് പണിപ്പെട്ട് ഉറങ്ങാൻ കിടന്നത് മാത്രം ഓർമ്മ വന്നു ,പാമ്പും കാവിലെ അരളി മരച്ചുവട്ടിൽ ആരാണ് എന്നെ കൊണ്ടിട്ടത് .. അയാൾ പിറുപിറുത്തു കൊണ്ട് കിടന്നിടത്തു നിന്ന് എഴുന്നേറ്റു ,മേലാകെ വലിഞ്ഞു മുറുകുന്ന പോലെ വേദനിക്കുന്നു ...
ആ നിശബ്ദതയിൽ അയാളാ തേങ്ങൽ വ്യക്തമായി കേട്ടു .. ശരത്തേ ട്ടാ... എന്നുള്ള വിളിയും അയാൾ അരളി മരത്തിന്റെ പിറകിലേയ്ക്ക് നോക്കി .. പുറം തിരിഞ്ഞു നിൽക്കുന്നു മുടിയഴിച്ചിട്ട് ഒരു സ്ത്രീ രൂപം ..അയാൾ ഒന്നേ നോക്കിയുള്ളൂ .. അയാളുടെ ചുണ്ടുകൾ വിറകൊണ്ടു .. സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല അയാൾക്ക്,അയാൾ ഉറക്കെ വിളിച്ചു അച്ചൂ ... അവൾ അയാൾക്കഭിമുഖമായി മുഖം തിരിച്ചു .. അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു .. എന്റെ അച്ചൂ .. ശരത്തേട്ടാ .. അവൾ ഓടി വന്ന് അയാളുടെ നെഞ്ചിലേക്കമർന്നു.. അയാള വളെ ഇറുകെ പുണർന്നു .. അവൾ അയാൾക്കു നേരെ മുഖമുയർത്തി ..അയാളുടെ കണ്ണുനീർ തുടച്ചു ... നമുക്ക് ... നമുക്ക് ഒന്നിനും യോഗമില്ല ശരത്തേട്ടാ .. ഒരിക്കലും വിഷമിക്കരുത് എനിക്ക് വിട പറയാൻ സമയമായിരിക്കുന്നു ശരത്തേട്ടാ .. എന്നെ ഒരിക്കലും മറക്കല്ലേ ഏട്ടാ ... വീണ്ടും കാണാനും ജൻമജൻ മാന്തരങ്ങളിലൂടെ ഒന്നാവാനും ഞാൻ കാലാന്തരങ്ങളോളം കാത്തിരിയ്ക്കും ശരത്തേട്ടാ ഞാൻ ... ഞാൻ പോകുന്നു ... അവൾ അയാളിൽ നിന്ന് പുറകോട്ട് മാറി ,കണ്ണുകൾ ഇറുക്കിയടച്ചു.. അവളുടെ രൂപം അലിഞ്ഞലിഞ്ഞ് ഒരു മഞ്ഞു കൊണ്ടുള്ള രൂപം പോലെയായി .. ആ രൂപത്തിലേയ്ക്ക് പുകച്ചുരുളുകൾ നിറഞ്ഞു ... കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശരൂപമായി അവൾ .. ആ പ്രകാശം മെല്ലെ ഉയർന്ന് പടിഞ്ഞാറൻ ചക്രവാളത്തിനെ ലക്ഷ്യമാക്കി യാത്രയായി ... നിറഞ്ഞ മിഴിയിൽ നിന്ന് മറയുവോളം അയാളാ കാഴ്ച നോക്കി നിന്നു .. അവളുടെ വിടവാങ്ങൽ ഒരു സങ്കട കടലായി അയാളുടെ മിഴിയിലൂടെ നിറഞ്ഞൊഴുകി .. ദൂരേയക്ക് നോക്കി അയാൾ അവസാനമായി വിളിച്ചു അച്ചൂ... നിലാവു പെയ്യുന്ന എത്രയോ രാത്രികളിൽ ആരും കാണാതെ നേരം പുലരുവോളം അവർ ആ കാവിൽ വർത്തമാനം പറഞ്ഞിരുന്നിട്ടുണ്ട് .. അവരുടെ സംഗമ വേദിയായ ആ കാവിൽ വച്ചു തന്നെ അവർ വിടച്ചൊല്ലി പിരിഞ്ഞിരിക്കുന്നു ... അയാൾ ഉറക്കെ ഉറക്കെ പൊട്ടിക്കരഞ്ഞു ... വീണ്ടും മാനത്തെ കീറി മുറിച്ച് ദിഗന്തങ്ങൾ നടുങ്ങു മാറ് ഒരിടി വെട്ടി .. കാവിന്റെ ഒരു മൂലയിലെ പടർന്നു പന്തലിച്ചു നിൽക്കുന്ന പാല മരത്തിലെ വലിയൊരു കൊമ്പ് വലിയ ശബ്ദത്തോടെ ഒടിഞ്ഞു വീണു ... ഒടിഞ്ഞു വീണ മരത്തിന്റെ ശിഖിരത്തിൽ നിന്ന് രക്തതുള്ളികൾ ഇറ്റിറ്റു വീണു കൊണ്ടെയിരുന്നു .....
ശുഭം
സ്നേഹപൂർവ്വം...
മഹേഷ് മാധവൻ ഇരിങ്ങാലക്കുട
No comments:
Post a Comment