ഈ കഥയുടെ ത്രെഡ് ഒരു യഥാർത്ഥ സംഭവത്തിന്റെതാണ് എങ്കിലും ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയി ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല .ബന്ധം തോന്നുന്നുവെങ്കിൽ തികച്ചും യാദൃശ്ചികമാണ് .. അവസാനം വരെ വായിക്കുക .
മെഡിക്കൽ കോളേജ് മോർച്ചറി. ഭൂരിപക്ഷം പേരും കണ്ടാൽ ഭീതിയോടെ മുഖം തിരിച്ച് പോകുന്ന സ്ഥലം .. ശീതികരിച്ച അറകളിൽ വെള്ളപുതച്ച ശവശരീരങ്ങൾ ഉറങ്ങുന്ന സ്ഥലം.. ദയാദാക്ഷിണ്യമില്ലാതെ മനുഷ്യ ശരീരങ്ങൾ വെട്ടിപ്പൊളിച്ച് ആന്തരാവയവങ്ങൾ കീറി മുറിച്ച് പരിശോധനയ്ക്കായി പുറത്തെടുക്കുന്ന സ്ഥലം.. ശരീരം കോച്ചി വലിക്കുന്ന തണുപ്പിൽ പച്ച മാംസത്തിന്റെയും ചോരയുടെയും ഗന്ധമുള്ള സ്ഥലം... ആ വായുവിൽ മരണമുണ്ട് വല്ലാത്തൊരു നെഗറ്റീവ് എനർജിയും ഇവിടെ ശവശരീരങ്ങൾ തങ്ങളുടെ ഊഴം കാത്തു കിടക്കുന്നു ..നെഞ്ചു തല്ലി കരയുന്ന പ്രിയപ്പെട്ടവരുടെ അടുത്തേയ്ക്കുള്ള അന്ത്യയാത്രയ്ക്കായി ...
അറ്റൻറർ ജയദേവൻ വീർത്തിരിക്കുന്ന പാൻറിന്റെ പോക്കറ്റിൽ നിന്നും മദ്യക്കുപ്പി എടുത്ത് ഒരു മൂലയിലേയ്ക്ക് മാറി നിന്ന് വല്ലാത്തൊരു ആർത്തിയോടെ മതി വരുവോളം അകത്താക്കി ചുണ്ടുകൾ തുടച്ചു. ചുവന്ന് തുടുത്ത കണ്ണുകളും കട്ട മീശയും കറുത്തു തടിച്ച ശരീരവും ഒരു ഭീകരതയുള്ള രൂപമായിരുന്നു അയാളുടേത്. മോർച്ചറിയ്ക്കു പുറത്ത് കൂടെയുണ്ടായിരുന്ന സ്ത്രീകളെയെല്ലാം നാട്ടിലേക്ക് അയച്ച് ഒരു കൂട്ടം പുരുഷൻമാർ ഗേറ്റിനരികിൽ അക്ഷമരായി ഭു:ഖം ഖനീഭവിയ്ക്കുന്ന മിഴികളോടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു .ഡോക്ടർ അരുന്ധതിയും മോർച്ചറിയിലെ സഹായികളായ രണ്ടു സ്ത്രീകളും കൂടി നിന്ന ആളുകൾക്കിടയിലൂടെ മോർച്ചറിയുടെ അകത്തേയ്ക്ക് കയറി പോയി .തുടങ്ങാറായി..., അടുത്തത് അവന്റെ യാണ്... എന്നിങ്ങനെ കൂട്ടം കൂടി നിന്ന ചെറുപ്പക്കാർ പരസ്പരം പിറുപിറുക്കുന്നുണ്ടായിരുന്നു .
മൂടിയിരുന്ന വെളുത്ത തുണി മാറ്റി അയാളെ പോസ്റ്റ്മോർട്ടം ടേമ്പിളിലേയ്ക്ക് എടുത്തു കിടത്തി .നഗ്നമായിരുന്നു അയാളുടെ ശരീരം. മരണം വിട്ടൊഴിഞ്ഞിട്ട് അധികനേരമാകാത്തതുപോലെ .. കാഴ്ചയിൽ വെളുത്ത നിറം ബലിഷ്ടമായ ശരീരം സുമുഖൻ അയാളുടെ കാലിലെ പെരുവിരലിൽ അഡ്രസ്സ് ടാഗ് തൂങ്ങി കിടന്നിരുന്നു .. അതിലിങ്ങനെ എഴുതിയിരുന്നു Name.Gawri Sankar, Age.35, ട / o Sankaran, VadakethiI, Chittoor, Palakadu. Cause of Death. Head injury Caused by a Road Accident
ഡോക്ടർ അരുന്ധതി അയാളുടെ details ഉം address tag ഉം ഒത്തു നോക്കി ,ഒരിക്കൽ കൂടി അയാളുടെ Death Summary എടുത്ത് വായിച്ചു നോക്കി .വിശദമായ ദേഹപരിശോധനയ്ക്കു ശേഷം ശരീരത്തിലെ അടയാളങ്ങും മാർക്കുകളും പ്രത്യേകം നോട്ട് ചെയ്തു ,ഡോക്ടർ അരുന്ധതി പെൻ എടുത്ത് അയാളുടെ നെറ്റിക്ക് മുകളിലായി break ചെയേണ്ട സ്ഥലം മാർക്ക് ചെയ്ത് കൊടുത്തു. അറ്റന്റർ ജയകൃഷ്ണൻ tools ൽ നിന്നും രക്തകറ പുരണ്ട ചുറ്റിക എടുത്ത് ഇരു കൈകളിലും വച്ച് ഒരു നിമിഷം കൈകൂപ്പി പ്രാർത്ഥനയോടെ നിന്നു .ചുറ്റിക വായുവിലേക്ക് ഉയർത്തി അയാൾ ശക്തിയിൽ നെറ്റിയിലേയ്ക്ക് ആഞ്ഞടിച്ചു ..അടിയേറ്റതും ഒരലർച്ചയോടെ അയാൾ ഒരടിയോളം തല ഉയർത്തി ടേബിളിലേയ്ക്ക് തന്നെ വീണു .. ഒരു ഞെട്ടലോടെ ഡോക്ടറും ജയകൃഷ്ണനും പുറകിലേയ്ക്ക് മാറി .കൂടെയുള്ള രണ്ടു സ്ത്രീകളും നിലവിളികളോടെ വാതിൽക്കലേയ്ക്ക് ഓടി. "No ഓടരുത് അയാളെ പെട്ടെന്ന് l C U വിലേയ്ക്ക് മാറ്റണം ,Come on വേഗം .. " ഡോക്ടർ അരുന്ധതി അവരോട് ഉറക്കെ വിളിച്ചു പറഞ്ഞു .ആ ഒരു നിമിഷത്തിൽ ജയകൃഷ്ണന്റെ ലഹരിയെല്ലാം പെട്ടെന്ന് ഇറങ്ങി പോയി. അയാളിലെ അസുരൻ ലഹരിവിട്ടുണർന്നു .. "ഡോക്ടർ.. No.. അയാളെ കൊണ്ടു പോകരുത്.. "ഡോക്ടറെ തടഞ്ഞു കൊണ്ട് ജയകൃഷ്ണൻ മുൻപിലേക്ക് തടസ്സവുമായി വന്നു നിലവിളിച്ചോടിയ സ്ത്രീകൾ ഭീതിയോടെ അവിശ്വസനീയമായ കാഴ്ച കണ്ട മുഖഭാവത്തോടെ ഡോക്ടറുടെ അരികിലേയ്ക്ക് വന്നു ,"ഡോക്ടർ അയാളെ ഇവിടെ നിന്ന് പുറത്തേയ്ക്ക് കൊണ്ടു പോകരുത്.... വൈദ്യശാസ്ത്രത്തിന് മുൻപിൽ അയാൾ എപ്പഴേ മരിച്ചു കഴിഞ്ഞു.. ഈ വിവരങ്ങൾ പുറത്തറിയുന്നത് നമുക്കെല്ലാവർക്കും അപകടമാണ്... സസ്പെൻഷനും കേസുമൊക്കെ പോട്ടേന്ന് വയ്ക്കാം പക്ഷെ മാധ്യമ വിചാരണ...നമ്മളെ കുറിച്ചുള്ള ചാനലിലെ ചർച്ചകൾ.. പത്രത്തിലും ഫേസ് ബുക്കിലുമടക്കം ഫോട്ടോയും വാർത്തകളും .. ഇത്ര ചെറുപ്പത്തിലെ ഇത്ര ഉയരത്തിലെത്തിയ ഡോക്ടറുടെ ഭാവി എന്തായി തീരും..." .. "No "... അയാളെ വകഞ്ഞു മാറ്റി ഡോക്ടർ പോസ്റ്റ്മോർട്ടം ടേബിളിനരികിലേയ്ക്ക് വന്നു "ഞാനിത് ഒരിക്കലും അനുവദിക്കില്ല..." "വഴി മാറ്.. എനിക്കയാളെ രക്ഷിച്ചേ മതിയാവൂ..."ഡോക്ടർ ആക്രോശിച്ചു .. "ഡോക്ടർ..".. ജയകൃഷ്ണൻ ഡോക്ടറുടെ കാൽക്കൽ വീണു ."എന്റെ ഭാര്യയ്ക്ക് കാൻസറാണ്... ഞങ്ങൾക്ക് മൂന്നു പെൺകുട്ടികളും .. ഒരു സസ്പെൻഷൻ പോലും താങ്ങാനുള്ള ശേഷിയില്ലെനിക്ക് ചതിക്കരുത് ....",
ഒരു നിമിഷം ഡോക്ടർ അയാൾക്കു മുൻപിൽ പതറിപോയി ..
ടേമ്പിളിൽ കിടന്ന് അയാളുടെ ശരീരം വിറക്കുന്നുണ്ടായിരുന്നു, ടേബിൾ ആകെ അയാളുടെ തല പൊട്ടിയ രക്തം കൊണ്ട് നിറഞ്ഞു .അയാൾ ഒരു ദീർഘശ്വാസത്തോടെ തലയുയർത്തി കണ്ണുകൾ പുറത്തേക്ക് തള്ളിവന്നു. വായിലൂടെ ഒരപസ്വരം ഉണ്ടാക്കി ശ്വാസം ഉച്ചത്തിൽ പുറത്തേക്ക് തള്ളി വീണ്ടും കണ്ണുകൾ തുറിച്ചു .ശരീരം പതുക്കെ നിവർന്നു തല താഴ്ത്തി പൂർവ്വസ്ഥിതിയിലായി ശ്വാസഗതി വളരെ വളരെ നേർത്ത് നേർത്ത് വന്നു .. നിശ്ചലമായി .. സഹായികളായ സ്ത്രീകൾ അത് കാണാൻ വയ്യാതെ മുഖം തിരിച്ചു .ഡോക്ടറുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു ..
അയാളുടെ ശരീരത്തിൽ ജീവന്റെ തുടിപ്പുകൾ നഷ്ടമായെന്ന് ബോധ്യപ്പെട്ട ശേഷം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കറങ്ങുന്ന നീല ബീക്കൺ ലൈറ്റുമിട്ട് അയാളുടെ മൃത ശരീരവും വഹിച്ചുകൊണ്ട് ആമ്പുലൻസ് ദൂരേക്ക് പോകുന്നതും നോക്കി ഡോക്ടർ അരുന്ധതി വരാന്തയിൽനിന്നു വലിയൊരു നെടുവീർപ്പോടെ .
അരുന്ധതി തന്റെ ഡിപ്പാർട്ട്മെന്റ് റൂമിലെ കാമ്പിനിൽ തളർന്നിരുന്നു .തന്റെ സർവ്വീസിലെ ആദ്യത്തെ ദുരനുഭവം ,മരണം ഉറപ്പാക്കി മണിക്കൂറുകൾ കഴിഞ്ഞിട്ടും ജീവനുണ്ടാവുക എന്ന് വച്ചാൽ..... തെറ്റ് പറ്റിയത് ശാസ്ത്രത്തിനോ അതോ ദൈവത്തിനോ .... ഒരു മെഡിക്കൽ ജേണലിലുമില്ലാത്ത കേൾട്ടു കേൾവി പോലുമില്ലാത്ത സംഭവം .... വല്ലാത്ത തലവേദന ,ആരാണയാൾ വളരെ സുപരിചിതമായ എവിടെയോ കണ്ടു മറന്ന മുഖം അയാളുടെ നാട് .. കുടുംബം .. അയാളുടെ details ഡോക്ടർ ഓർമയിൽ നിന്ന് ചികഞ്ഞെടുത്തു .സമയം നോക്കി 5 മണി കഴിഞ്ഞിരിക്കുന്നു ,ചിറ്റൂരെത്താൻ ഏകദേശം 2 മണിക്കൂറെങ്കിലും എടുക്കും മഴപെയ്താൽ സമയം പിന്നെയും നീളും ഇന്നെന്തായാലും അടക്കമുണ്ടാവാൻ വഴിയില്ല .പാവം 35 വയസ്സുകാരൻ.. ഇത്ര ചെറുപ്പത്തിലെ വിധവയാകേണ്ടി വന്ന അയാളുടെ ഭാര്യ ,കുട്ടികൾ ഉണ്ടെങ്കിൽ വളരെ ചെറുതായിരിയ്ക്കും .. ആദ്യമായാണ് ഇത്തരം ചിന്തകൾ തന്നെ വേട്ടയാടുന്നത് ഒരു ഡോക്ടറുടെ എത്തിക്സ് അനുസരിച്ച് ഇത്തരം ചിന്തകൾക്ക് സ്ഥാനമില്ല .തലവേദനയ്ക്ക് ഒരു കപ്പ് കാപ്പിയാവാം ഡോക്ടർ കാന്റീൻ ലക്ഷ്യമാക്കി നടന്നു .. ഫോൺ കയ്യിലെടുത്ത് അഛ്ചന്റെ നമ്പറിലേയക്ക് ഡയൽ ചെയ്തു ."ഹലോ ...അഛ്ചാ ഞാൻ 2 ദിവസം ലീവാണ് നാട്ടിലേയ്ക്ക് പോവ്വാ മുത്തശ്ശി ടെ അടുത്തേക്ക് മനസ്സിന് ഒരു സുഖമില്ല .നിങ്ങളും വരണുണ്ടോ ok അപ്പൊ ശരി നാളെ അവിടെ വച്ച് കാണാം ഒക്കെ ബൈ .. "
ലൈബ്രറിയിൽ നിന്ന് ചില റഫറൻസ് ബുക്കുകളും എടുത്ത് രണ്ടു ദിവസത്തെ ലീവിനും അപേക്ഷിച്ച് അരുദ്ധതി കാറിൽ വീട്ടിലേക്ക് യാത്രയായി .സമയം 6 മണി കഴിഞ്ഞു ഭീകരതയോടെ ഇരുൾ പരത്താൻ തുടങ്ങിയിരിക്കുന്നു സന്ധ്യ .. പക്ഷികൾ കൂട്ടമായി ചേക്കേറാൻ പറന്നകലേക്ക് പൊയ്കൊണ്ടിരിന്നു...പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ അസ്തമിക്കാൻ തയ്യാറെടുത്ത് നിൽക്കുന്നു.. ഡോക്ടർ കാറിന്റെ ഹെഡ് ലൈറ്റ് ഓൺ ചെയ്തു അര മണിക്കൂർ യാത്ര ചെയ്ത് വേണം വീട്ടിലെത്താൻ, ഇന്നത്തെ യാത്ര ഒട്ടും കംഫർട്ടബൾ അല്ല കുറേ നേരമായി വണ്ടി പലയിടത്തും കൈവിട്ടു പോകാൻ തുടങ്ങിയിട്ട് ,ഒരു മനസാന്നിധ്യം കിട്ടുന്നില്ല. എപ്പോഴും അയാളുടെ മുഖമാണ് മനസ്സിലേക്ക് വരുന്നത് .പെട്ടെന്ന് ഒരാൾ വണ്ടിയുടെ മുൻപിലേക്ക് ചാടി , break ൽ കാലമർന്നു .. വണ്ടി ഒരു ഞരക്കത്തോടെ നിന്നു ടയർ റോഡിലുരഞ്ഞ കരിഞ്ഞ മണം മൂക്കിലേക്ക് കയറി. കാറിന്റെ ലൈറ്റിൽ വ്യക്തമായി കണ്ടു. അതൊരാളാണോ കറുത്ത് തടിച്ചൊരു രൂപം അത് പെട്ടെന്ന് റോഡുകടന്ന് അപ്രത്യക്ഷമായ പോലെ ... അശുഭ ചിന്തകൾ മനസ്സിൽ നിറഞ്ഞു ഏയ് അങ്ങനെയായിരിക്കില്ല സ്വയം ആശ്വസിച്ചു .ഒരു ജൂനിയർ സർജന്റെ ചിന്തകൾ ഈ വഴിക്ക് പോകാമോ No.. Never .. കാൽ അക്സലേറ്ററിൽ ആഞ്ഞമർന്നു പെട്ടെന്ന് ഒരു കൈ തലം തന്റെ ഷോൾഡറിൽ ഇരിക്കുന്ന പോലെ .. അരുന്ധതി റിയർ വ്യൂ മിററിലൂടെ പുറകിലെക്കു നോക്കി .. തല പൊളിഞ്ഞ് ചോരയൊലിപ്പിച്ചു കൊണ്ട് അയാളുടെ രൂപം പുറകിലെ സീറ്റിൽ ഇരിക്കുന്നു .വലിയൊരാന്തലോടെ പുറകിലേക്ക് നോക്കി..ഇല്ല തോന്നലാണ് ആരുമില്ല ഒരു നിമിഷം മനസ്സൊന്നു പാളി കയ്യിൽ നിന്ന് വണ്ടിയും
ഹോണടി കേട്ട് വേലക്കാരി ശോഭന വന്നു ഗേറ്റ് തുറന്നു .ചേച്ചി പ്രസവിച്ചപ്പോൾ മുതൽ അഛ്ചനും അമ്മയും ബാഗ്ലൂരാണ് .കൂട്ട് കിടക്കാനും ഭക്ഷണം ഉണ്ടാക്കാനും ജോലികൾ സഹായിക്കാനും അവർ തരപെടുത്തിയതാണ് ശോഭ ചേച്ചിയെ വീട്ടുവേലക്കാരിയല്ല വീട്ടിലെ ഒരംഗം തന്നെ''ഞാൻ മോള് വന്നിട്ട് പറഞ്ഞിട്ട് പോകാമെന്ന് കരുതി കാത്തു നിന്നതാണ്... നാളെ എന്റെ മോളെ കാണാൻ രാവിലെ ഒരു കൂട്ടര് വരണുണ്ട്... മോൾടെ അഛ്ചന് ഒരേ നിർബന്ധം ഞാനും കൂടെ ഉണ്ടാവണംന്ന് ...ചായയും ഭക്ഷണവുമൊക്കെ ശരിയാക്കി ടേമ്പിളിൽ വച്ചിട്ടുണ്ട്.... ജോലികളെല്ലാം കഴിഞ്ഞു എന്നാൽ ഞാൻ അങ്ങോട്ട് .. "' "എന്നാൽ ശോഭേടത്തി പൊയ്കൊള്ളൂ .. ഇന്നാ ഇതു വച്ചോ " ബാഗിൽ നിന്ന് കുറച്ച് നോട്ടുകൾ എടുത്ത് നീട്ടികൊണ്ട് അരുന്ധതി പറഞ്ഞു ."പോകുന്നതിന് മുൻപ് നായയെ തുറന്നു വിട്ടിട്ട് പോണേ" .ഡോക്ടർ അരുന്ധതി വീടിനുള്ളിൽ കയറി വാതിലടച്ചു.
മൂക്കിൽ നിന്ന് പച്ച മാംസത്തിന്റെ ,മരണത്തിന്റെ മണം പോയിട്ടില്ല. കുറച്ച് നേരം കണ്ണുകൾ ഇറുക്കിയടച്ച് ബെഡിൽ കമിഴ്ന്ന് കിടന്നു. ഇപ്പോൾ അയാളേയും വഹിച്ച് ആമ്പുലൻസ് വീട്ടിലെത്തിക്കാണും വീണ്ടും ചിന്തകൾ കൈവിട്ട് പോയ് കൊണ്ടിരുന്നു .എത്ര നേരം അങ്ങനെ കിടന്നു എന്നോർമ്മയില്ല. അരുന്ധതി ബെഡ്ഡിൽ നിന്നെണീറ്റ് കുളിമുറിയിലേക്ക് നടന്നു .അകത്തു കയറി ഡോറടച്ചതും ഷവറിൽ നിന്നും ശക്തിയായി വെള്ളം വീഴാൻ തുടങ്ങി.അവളൊരു നിമിഷം ഞെട്ടലോടെ ഓർത്തു ഞാനല്ലല്ലോ ഷവർ ഓണാക്കിയത് .. ഒരു തരംഭീതി മനസ്സിൽ നിറയാൻ തുടങ്ങി. എത്ര നേരം അങ്ങനെ ഷവറിൽ നിന്നു എന്നറിയില്ല കുളി കഴിഞ്ഞിറങ്ങുമ്പോൾ പൈപ്പിൽ നിന്ന് ഇറ്റിറ്റു വീഴുന്ന വെള്ള തുള്ളികളുടെ ശബ്ദം അലോസരപ്പെടുത്തുന്നതായി തോന്നി ആ നിശബ്ദതയിൽ .
വീടിനകത്തെ കർട്ടണുകൾ കാറ്റിലെന്ന പോലെ മെല്ലെ ഇളകി കൊണ്ടിരുന്നു .മുറ്റത്ത് നിന്ന് അകത്തേക്ക് കയറുന്ന വെളിച്ചത്തിൽ ജനലരികിൽ ഒരു നിഴൽ രൂപം മാറിയതായി തോന്നി .വീട്ടിലെ നായ കുരച്ചു കൊണ്ട് എന്തോ കണ്ട് പേടിച്ചരണ്ട പോലെ വീടിന് ചുറ്റും കിടന്ന് ഓടാൻ തുടങ്ങി .വീടിനു ചുറ്റും നിലത്ത് വിരിച്ച ചരലുകളിൽ ആരോ നടക്കുന്ന ശബ്ദം വ്യക്തമായി കേൾക്കാം .നായ കുരക്കൽ നിർത്തി എന്തിനെയോ നോക്കി ഉറക്കെ ഓരിയിടാൻ തുടങ്ങി .നായയുടെ ഓരിയിടൽ ഒരു ദീനരോദനത്തോടെ നിന്നു. പുറത്ത് എന്തോ സംഭവിക്കുന്നുണ്ട് .അവൾ വേഗം ലാപ്ടോപ് ഓൺ ചെയ്തു. CCTV ക്യാമറകൾ എല്ലാം ആക്ടീവ് ആയി .അസ്വഭാവികമായി ഒന്നും തന്നെ കാണാനില്ല .നെഞ്ചിടിപ്പിന്റെ വേഗത വളരെ കൂടുന്നതായി തോന്നി .നായയെ കാണാനില്ല എത്ര നോക്കിയിട്ടും,
സമയം 9 .30 നോടടുക്കുന്നു . അടുത്തുള്ള വീടുകളിലെ ആളുകൾ കിടന്നുറങ്ങി തുടങ്ങി .. നിശബ്ദത .. മുൻപിലുള്ള വാതിലിന്റെ ഹാൻഡിൽ തനിയെ തിരിയുന്നു അല്ല ആരോ ഡോർ തുറക്കാൻ അപ്പുറത്തു നിന്നും ശ്രമിക്കുകയാണ് .. അരുന്ധതി ചാടിയെണീറ്റു.തലയിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയി .CCTV യിലേക്ക് നോക്കി .അവ്യക്തമായ ഒരു രൂപമാണ് ഒരാൾ കാളിങ്ങ് ബെല്ലിൽ വിരലമർത്തുന്നു. "ആരാണ് .. ".?,വിറക്കുന്ന സ്വരത്തോടെ അരുന്ധതി ചോദിച്ചു .മറുപടിയില്ല നിശബ്ദത.."ആരാണെന്നാ ചോദിച്ചത് ..." "ഞാനാ..ഞാനാണ് ഡോക്ടർ അറ്റൻറർ ജയ കൃഷ്ണൻ ".. "ഓ .. " ഒരു ദീർഘ നിശ്വാസത്തോടെ അവൾ വാതിൽ തുറന്നു ,ശാന്തമായിരുന്നു അയാളുടെ മുഖം "എന്താ എന്തു പറ്റി ഈ രാത്രിയിൽ "'.. "ഞാൻ ഡോക്ടറോട് മോശമായി പെരുമാറി... മോർച്ചറിയിൽ വച്ച് ഡോക്ടറെ ശകാരിച്ചു ...ഡോക്ടർ എന്നോട് ക്ഷമിക്കണം... എന്റെ ഭാര്യയ്ക്കും മക്കൾക്കും ആരുമില്ല ഡോക്ടർ ...." അയാൾ ഒരു കുട്ടിയെ പോലെ വിതുമ്പി കരഞ്ഞു ."ആ..താൻ കയറിയിരിക്ക്... അകത്തിരുന്ന് സംസാരിയ്ക്കാം " പെട്ടെന്ന് കരണ്ടു പോയി.. രണ്ടു ദിവസം മുൻപത്തെ ഇടിമിന്നലിൽ ഇൻവർട്ടർ കേടായതാണല്ലോ എന്ന് അപ്പേഴാണവൾ ഭീതിയോടെ ഓർത്തത് ,"ഡോക്ടർ.. സൂക്ഷിയ്ക്കണം.. അയാൾ.... അയാളിവിടെയും വന്നിട്ടുണ്ട് " സോഫയിൽ അമർന്നിരുന്നു കൊണ്ട് അയാൾ പറഞ്ഞു ."ഏതയാൾ... ആര് .. ഒരു മിനിട്ട് ഞാൻ എമർജൻസി ലൈറ്റ് എടുത്ത് ഇപ്പോ വരാം " അരുന്ധതി ബെഡ് റൂമിലേക്ക് നടന്നു .
റൂമിൽ കിടന്നിരുന്ന മൊബൈലിലെ വെളിച്ചത്തിൽ നേരിയ പ്രകാശമാനമായിരുന്നു ആ മുറി ഫോൺ കയ്യിലെടുത്തു നോക്കി 5 misd call s ,സീനിയർ സൂപ്രണ്ടിന്റെ ഫോണിൽ നിന്നാണല്ലോ അവൾ തിരികെ വിളിച്ചു ആ നമ്പറിലേയ്ക്ക് "എന്താ സാർ "... "ആ.. ഒരു Sad news പറയാനാ വിളിച്ചത്.. നമ്മുടെ അറ്റന്റർ ജയകൃഷ്ണൻ മരിച്ചു... ,ഏകദേശം ഒരു മണിക്കൂർ മുൻപാണ്...,അസ്വഭാവിക മരണം എന്നാണ് പോലീസ് FIR... ,ആത്മഹത്യയെന്നും കേൾക്കുന്നുണ്ട്.. ,ബോഡി നമ്മുടെ ഹോസ്പിറ്റലിലാണ് ഇപ്പോൾ.. ,രാവിലെയാണ് പോസ്റ്റ് മോർട്ടം ഫിക്സ് ചെയ്തിരിക്കുന്നത്... .താൻ നാളെ assist ചെയ്യേണ്ടി വരും... "പിന്നെ ഒന്നും അവൾ കേട്ടില്ല .തല കറങ്ങുന്നതു പോലെ തോന്നി അരുന്ധതിക്ക് .കയ്യിലിരുന്ന മൊബൈൽ ഫോൺ താഴെ വീണ് ഓഫായി പോയി .ഏതു നിമിഷവും പുറകിൽ നിന്ന് വന്ന കൈകൾ തന്റെ കഴുത്തിൽ പിടിച്ച് ഞെരിക്കും എന്ന് തോന്നി.. അവൾ ശക്തിയോടെ റൂമിന്റെ വാതിൽ വലിച്ചടച്ചു. വാതിലിൽ ചാരി നിന്ന് കിതച്ചു കൊണ്ടിരുന്നു .നന്നായി വിയർക്കുന്നുണ്ട് ശ്വാസഗതി അതിന്റെ ഉച്ചസ്ഥായിലായിരിക്കുന്നു ഡോറിന്റെ ഹാൻഡിൽ തനിയെ തിരിയുന്ന പോലെ അപ്പുറത്ത് നിന്ന് ഡോറിൽ തള്ളുന്ന പോലെ അവൾ വാതിൽ ബലമായി തള്ളി പിടിച്ചു വാതിൽ ലോക്ക് ചെയ്തു .. എങ്ങും നിശബ്ദത...അവൾ വാതിലിനോട് ചേർന്ന് തളർന്നിരുന്നു...
സമയം ഇഴഞ്ഞു നീങ്ങി ... നാടു മുഴുവൻ ഉറക്കത്തിലേക്ക് .. അയാൾ അകത്തുനിന്ന് പോയിട്ടുണ്ടാകുമോ .. സത്യമായിരിക്കുമോ അയാൾ മരിച്ചു എന്ന് പറഞ്ഞത്.. അപ്പോൾ താൻ കണ്ടത് ..തന്നോടയാൾ സംസാരിച്ചത്..
അയാൾ എന്നെ തിരക്കി ഇങ്ങോട്ട് വരുമോ .. ഇനിയെങ്ങനെ വാതിൽ തുറന്ന് പുറത്തേക്ക് കടക്കും .. അവളുടെ മനസ്സിലൂടെ ഒരു പാട് അശുഭ ചിന്തകൾ കടന്നു പോയി ...
ഭൂമിയിൽ ഒരാൾക്കും ഇത്തരം ഒരു ഗതി വരുത്തല്ലേ ഈശ്വരാ... അവൾ ധൈര്യം സംഭരിച്ച് എഴുന്നേറ്റ് എമർജൻസി ലൈറ്റ് ഓൺ ചെയ്തു.ശബ്ദമില്ലാതെ വാതിലിന്റെ ലോക്കുകൾ മാറ്റി,പതുക്കെ വാതിൽ തുറന്ന് ലൈറ്റ് പുറത്തേക്ക് കാണിച്ചു കൊണ്ട് തല പുറത്തേക്കിട്ട് പതുക്കെ എത്തി നോക്കി. ഇല്ല ആരെയും കാണുന്നില്ല മുൻവശത്തെ വാതിൽ മലർക്കെ തുറന്നു കിടക്കുന്നു .. ഇനി അയാൾ മറ്റേതെങ്കിലും റൂമിൽ കയറി കട്ടിലിനടിയിലോ വാതിലിന് പുറകിലോ ഒളിച്ചിരിപ്പുണ്ടാകുമോ... ഓർത്തപ്പോൾ അവളുടെ പേടി വർദ്ധിച്ചു .അവൾ ഒറ്റയടിവച്ച് മുൻപിലെ വാതിലിന് സമീപത്തേക്ക് നീങ്ങി .. വാതിലിലൂടെ പുറത്തേക്ക് ലൈറ്റിന്റെ വെളിച്ചം തെളിയിച്ചു .. അപ്പോളവിടെ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു .. മുറ്റത്തെ സിമന്റു തറയിൽ രക്തം തളം കെട്ടി കിടക്കുന്നു അതിനടുത്തായി നായ ചത്തു കിടക്കുന്നുണ്ട്. തളം കെട്ടി കിടക്കുന്ന രക്തം കൊക്കുകൊണ്ട് കോരിക്കുടിക്കുകയാണ് കഴുകനേക്കാൾ വലിയൊരു ഭീകര പക്ഷി അതിന്റെ ചിറകുകൾ മുറത്തിനേക്കാൾ വലുപ്പത്തിൽ വായുവിൽ ഉയർന്നു നിൽക്കുന്നുണ്ട് .വെളിച്ചമടിക്കുമ്പോൾ അതിന്റെ കണ്ണുകൾ ചുവന്ന് തിളങ്ങുന്നതായി തോന്നി ഒന്നേ നോക്കിയുള്ളൂ വാതിൽ വലിച്ചടച്ച് ലോക്ക് ചെയ്ത് ബെഡ് റൂമിലേക്കവൾ ഓടി .. ഇതു വരെ കാണാത്തതും അനുഭവിക്കാത്തതുമായ കാര്യങ്ങളാണ് സ്വയമനുഭവിക്കേണ്ടി വരുന്നത് എന്തു ദുരവസ്ഥയാണിത്......
വീടിനു മുകളിലെ നിലയിൽ ആരോ ഉള്ളതുപോലെ..,നടക്കുന്ന ശബ്ദം വ്യക്തമായി താഴെക്ക് കേൾക്കാം ആ ശബ്ദം കോണിയിലൂടെ ഇറങ്ങി അടുത്തടുത്തു വരുന്നതു പോലെ .. അവൾ കണ്ണുകൾ ഇറുക്കിയടച്ചു കിടന്നു .......
ചിത ആളി കത്തി കൊണ്ടിരുന്നു .. തീക്കനലുകളെ ചുറ്റും ചിതറി തെറിപ്പിച്ചു കൊണ്ട് തീക്കനൽ കൊണ്ടൊരു മനുഷ്യരൂപം ചിതയിൽ നിന്നെഴുന്നേറ്റു .. ചുറ്റും കൂടി നിന്ന ആളുകൾ നിലവിളിച്ചു കൊണ്ട് ചിതറി ഓടി .. അരുന്ധതിയുടെ ബെഡ് റൂമിന്റെ വാതിൽ തുറന്നു കൊണ്ട് ആ തീക്കനൽ രൂപം അവളുടെ അടുത്തേക്ക് വന്നു .: അതടുത്തു വരുംതോറും ചൂടു കൂടി വരുന്നത് ശരിക്കുമറിയാം.. ആ രൂപം അവളുടെ ദേഹത്ത് കയറിയിരുന്നു .. കിടക്കയിൽ തീ പടർന്നു .. മേലാകെ പൊള്ളുന്നു ..അതവളുടെ കഴുത്തിൽ പിടിച്ച് അമർത്തി ഞെരിക്കാൻ തുടങ്ങി .അവളുടെ കണ്ണുകൾ പുറത്തേക്ക് തള്ളിവന്നു നിലവിളിക്കാൻ നോക്കി പറ്റുന്നില്ല ,അനങ്ങാൻ പോലും സാധിക്കുന്നില്ല .. ഒരലർച്ചയോടെ അവൾ കിടക്കയിൽ നിന്നും ചാടിയെണീറ്റു .. നാശം ... ഒന്ന് മയങ്ങി വന്നതായിരുന്നു ....
അവൾ നിലത്ത് കിടന്നിരുന്ന മൊബൈൽ ഫോൺ എടുത്ത് ഓൺ ചെയ്തു .ഭയമേറെ മനസ്സിലുണ്ടെങ്കിലും വെറുതെ മൊബൈലിൽ തിരഞ്ഞുകൊണ്ടിരുന്നു...എങ്ങിനെയെങ്കിലും നേരം വെളുപ്പിച്ചേ മതിയാവൂ .. വെളിച്ചത്തിനായി മെഴുകുതിരി കത്തിച്ച് മേശയിൽ വച്ചു .അവളുടെ വീടിന് മുകളിൽ ആകാശത്ത് ആ ഭീകര ജീവി വട്ടമിട്ട് പറന്നു കൊണ്ടിരുന്നു .. മുറിയിലാകെ സ്പിരിറ്റിന്റെ മണം വന്നു നിറഞ്ഞു .. പുകച്ചുരുളുകൾ എയർഹോളിലൂടെ മുറിയിലേക്കിറങ്ങി വരുന്നത് അവൾ അറിഞ്ഞതേയില്ല ,ഇളം കാറ്റടിച്ച പോലെ മെഴുകുതിരിയുടെ വെട്ടം മെല്ലെ ഇളകുവാൻ തുടങ്ങി .. പുറകിൽ തൊട്ടടുത്ത് ആരോ നിൽക്കുന്നത് പോലെ ആ ഒരസ്വഭാവികതയിൽ അവൾ തിരിച്ചറിഞ്ഞു.താൻ ഏതു നിമിഷവും വധിക്കപ്പെട്ടേക്കാമെന്ന സത്യവും .. പൊടുന്നനെ അവൾ എന്തെങ്കിലും ചിന്തിക്കുന്നതിനു മുൻപെ പുറകിൽ നിന്ന് രണ്ട് കൈകൾ അവളുടെ കഴുത്തിലമർന്നു .. അവൾ ആ കൈകളിൽ കിടന്നു പിടഞ്ഞു ..സർവ്വ ശക്തിയുമെടുത്ത് അവളാ കൈകളിൽ നിന്ന് കുതറി മാറി വാതിൽ തുറന്ന് പുറത്തേക്കോടി ...
വെടിയുണ്ട പോലെ ചീറി പായുന്ന ആ കാറിനു മുകളിലായി ആകാശത്ത് ചുവന്ന കണ്ണുള്ള ആ ഭീകര പക്ഷി വലിയ ചിറകടികളോടെ കാറിനെ പിന്തുടർന്നു കൊണ്ടെയിരുന്നു
......................................അമ്പലങ്ങളും കാവും കുളവും നാട്ടിടവഴികളും മുള്ളുവേലികളും നിറഞ്ഞ സുന്ദരമായ ഗ്രാമം .. പഴയ ആ നാലുകെട്ടിന്റെ മുറ്റത്ത് ഒരിരമ്പലോടെ ആ വാഹനം വന്നു നിന്നു .അരുന്ധതി കാറിൽ നിന്നുമിറങ്ങിയോടി, മുത്തശ്ശിയുടെ മടിയിൽ ചെന്ന് വീണ് ആർത്തലച്ചു കരഞ്ഞു ..," എന്തേ എന്റെ മോൾക്ക് .. വിഷുവിന് വന്നപ്പോ ഇനി അടുത്തൊന്നും വരില്ലാട്ടോ മുത്തശ്ശിയെ കാണാൻ ന്ന് പറഞ്ഞ് പോയതല്ലേ നീ... എന്താ പറ്റിയേ ന്റെ കുട്ടിയ്ക്ക്... ഈ രാത്രി മുഴുവൻ ഒറ്റക്ക് വണ്ടി ഓടിച്ച് ഇത്ര ദൂരം വരാൻ... " മറ്റൊരിടത്തും കിട്ടാത്ത ഒരാശ്വാസവും സംരക്ഷണവും അരുന്ധതിക്കു തോന്നി മുത്തശ്ശിയുടെ ആ തലോടലിൽ .. "അച്ഛനും അമ്മയും വിളിച്ചിരുന്നു.. അവരിപ്പൊ ഇങ്ങ് ടെത്തും ". അവൾ നടന്നതെല്ലാം ഒരു കണക്കിന് പറഞ്ഞൊപ്പിച്ചു മുത്തശ്ശിയോട് .. "ശിവ ശിവ... എന്റെ കൃഷ്ണാ .. ഗുരുവായൂരപ്പാ നീ കാത്തൂ "
"നാരായണാ..എടാ നാരായണാ.. അമ്പലത്തിലെ തിരുമേനിയോട് ഇത്രടം വരെ ഒന്നു വരാൻ പറയൂ ..ഒരത്യാവശ്യ കാര്യം നോക്കാനുണ്ടെന്നങ്കട് പറയാ... പറ്റാച്ചാ ഇപ്പൊ തന്നെ കയ്യോടങ്ങ് ട് കൂട്ടികൊണ്ട് വര്യാ "
"ന്റെ കുട്ടി പേടിക്കണ്ട മ്മടെ നാഗത്താൻ മാരും ഭഗവതിയും ഉറങ്ങാണ്ട് കാവലിരിക്കുമ്പോ ഒരാത്മാവും മ്മടെ ഏഴയൽവക്കത്ത് വരില്ല്യാ..." പക്ഷെ.....തെക്കേ തൊടിയിലെ പാലമരത്തിലെ കൊമ്പിൽ ഉഗ്രരൂപിയായ ആ പക്ഷി പറന്നു വന്നിരുന്നു ...
രാശി പലകയിൽ കവടികൾ നിരന്നു .. ജാതവേദൻ തിരുമേനിയുടെ വായിൽ നിന്നും മൊഴിയുന്നത് കേൾക്കാൻ സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരുമുണ്ട് പൂമുഖത്ത് ,അരുന്ധതിയുടെ അഛ്ചൻ അരവിന്ദാക്ഷമേനോനും അമ്മ ദേവകിയും ബാഗ്ലൂരിൽ നിന്നും എത്തിട്ടുണ്ട് ,തിരുമേനി ഒരു നിമിഷം കണ്ണുകളടച്ച് ചിന്തയിലാണ്ടു ,"ആയുസ്സിന്റെ ബലം ദേവിയുടെ അനുഗ്രഹവും ഒന്ന് കൊണ്ട് മാത്രം രക്ഷപ്പെട്ടിരിക്കണു.. പ്രശ്നത്തിൽ കാണണത് മുറിവേറ്റ ദുരാത്മാവ്.. അതടങ്ങണില്ല്യാ.. ഇരട്ടി ശക്തിയി ലാവരണെ പിന്തുടർന്ന്..ഒരാണ്ട് തികയാണ്ട് ആവാഹിക്കാൻ പറ്റില്ല്യാ.. ഇനി ആവാഹിക്കാനങ്ങട് കരുതാ രക്തബന്ധമുള്ള ആരെങ്കിലും വേണം താനും അപ്പൊ ആ വഴിക്ക് നോക്കീട്ട് ഒരു കാര്യല്ല്യ.. ഒരു കാര്യങ്ങട് ചെയ്യാ അയാൾടെ നാട്ടിൽക്കങ്ങട് പോവ്വാ .. അയാൾടെ വീട്ടിൽക്ക് ചെല്ലുമ്പോ ഇതിനൊരു പരിഹാരം ണ്ടാവും പ്രശ്നത്തില് അങ്ങന്യാ കാണണെ വേറൊരു വഴീല്ല്യാ.. സമയം ഒട്ടും കളയണ്ട വേഗങ്ങ് ട് പോയ്ക്കോളൂ... "
" എവിടെയാണ് ന്നാ പറഞ്ഞെ ആ സ്ഥലം .. " അരുന്ധതിയോട് അവളുടെ അച്ഛൻ ചോദിച്ചു ,"ചിറ്റൂരാണച്ചാ .."
"ചിറ്റൂര്.. ചിറ്റൂര് ന്ന് പറയുമ്പോ ഞാൻ 25 കൊല്ലം മുൻപ് 5 വർഷം ഹെഡ് മാഷായിരുന്ന സ്കൂളാ...അവിടത്തെ ഓരോ ഊടുവഴികളും എനിക്ക് മനപ്പാഠാ..,എത്ര പരിചയക്കാരായിരുന്നു അവിടെ...,അന്ന് പോന്നതിൽ പിന്നെ അങ്ങ് ട് തിരിഞ്ഞു നോക്കാൻ പറ്റീട്ടില്ല....അന്നെന്റെ ഏറ്റവും അടുത്ത സ്നേഹിതൻ ശങ്കരൻ മാഷ് .. അവർടെ കുടുംബം അവരൊക്കെ ഇപ്പോഴും അവിടെ ഉണ്ടോ ആവോ ... നിനക്കോർമ്മയുണ്ടോ മോളേ ആ കാലം .. അന്ന് നിനക്ക് വയസ്സ് പത്താ ..." "പിന്നെ മറക്കാൻ പറ്റോ അഛ്ചാ... "
,ചിറ്റൂർ ഗവൺമെന്റ് സ്കൂളിന്റെ മുൻപിൽ ആ വണ്ടി വന്നു നിന്നു സ്കൂളിന്റെ മുൻപിൽ ഒരു കടയുണ്ട് , "ഈ മരിച്ച ഗൗരീശങ്കറിന്റെ വീട് ".. "ഇവടെ അടുത്ത് തന്യാ..,രണ്ട് വളവ് കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞാൽ പാടത്തിന്റെ കരയിലുള്ള വീട്..." സ്കൂൾ ആകെ മാറിയിരിക്കുന്നു ,റോഡും നാടും എല്ലാം ... താൻ അഞ്ചാം ക്ലാസുവരെ പഠിച്ച പ്രിയപ്പെട്ട സ്കൂൾ .. അവർ അഛ്ചനും മകളും പൂട്ടി കിടക്കുന്ന ഗെയ്റ്റിൽ പിടിച്ച് സ്കൂളിലേക്ക് നോക്കി കൊണ്ടു നിന്നു ."എന്തെല്ലാം ഓർമ്മകളാണല്ലേ ഈ അക്ഷരമുറ്റത്ത്.. ", "ഉം... അന്നത്തെ ആ നെല്ലി മരത്തിനു മാത്രം ഒരു മാറ്റവും വന്നിട്ടില്ല..",
"ആരാ.. എവിടുന്നാ .. ഇവിടൊന്നും കണ്ടട്ടില്ലല്ലോ മുൻപൊന്നും.."ഞാൻ അരവിന്ദാക്ഷൻ മാഷ് 25 കൊല്ലം മുൻപ് ഈ സ്കൂളിലെ ഹെഡ് മാഷായിരുന്നു.. ഇവിടടുത്ത് ഒരു മരണവീട്ടിൽ വന്നതാ.."
ഗൗരീശങ്കറിന്റെ വീടിന്റെ മുറ്റത്ത് വണ്ടി വന്നു നിന്നു ,മുറ്റത്തെ ടാർ പായ കൊണ്ടുള്ള പന്തൽ അഴിച്ചു മാറ്റിയിട്ടില്ല .അങ്ങിങ്ങ് കസേരകളും ,ദുഖം ഖനീഭവിച്ച മുഖത്തോടെ കുറേ പേർ അവിടവിടെ നിൽപുണ്ടായിരുന്നു .. ആ വഴികൾ വളരെ പരിചിതമായി തോന്നി അരവിന്ദാക്ഷൻ മാഷിന് ,ആ വീട്ടിലേക്ക് കാലെടുത്തു വച്ചതും അയാളുടെ നെഞ്ചൊന്നു പിടഞ്ഞു .. ചുവരിലെ ചില്ലിട്ടു വച്ച ഫോട്ടോയിലേക്ക് നോക്കിയതും വിശ്വസിക്കാനാവാത്ത പോലെ നിന്നു അയാൾ .. "നമ്മടെ ശങ്കരൻ മാഷ്ടെ വീടല്ലേ ഇത്.. ", "ആരാ.. " അകത്തുനിന്ന് പതിഞ്ഞ ഒരു സ്ത്രീ ശബ്ദം ,ശങ്കരൻ മാഷ്ടെ ഭാര്യയാണ് .. കരഞ്ഞു കലങ്ങിയ മുഖഭാവം ,"ഞങ്ങൾ കുറച്ച് ദൂരേന്ന് വരികയാണ്.. എന്നെ മനസ്സിലായോ .. പണ്ട് വർഷങ്ങൾക്ക് മുൻപ് സ്കൂളിൽ ഹെഡ് മാഷായിരുന്ന അരവിന്ദൻ മാഷ്... അന്ന് എങ്ങനെ കഴിഞ്ഞ കുടുംബായിരുന്നു നമ്മുടെ.. " ."ന്റെ മാഷേ.." ഒരു തേങ്ങി കരച്ചിലോടെ ആ സ്ത്രീ പുറത്തേക്ക് വന്നു." ശങ്കരൻ മാഷ് പോയി 5 വർഷം മുൻപ്..ഇപ്പൊ ന്റെ മോനും .... " അവർക്ക് സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞില്ല .അരുന്ധതി അവിശ്വസനീയമായി അച്ഛനെ നോക്കി .. അപ്പോ മരിച്ചത് തന്റെ പ്രിയപ്പെട്ട കളിക്കൂട്ടുകാരനായ ഗൗരി തന്നെയായിരുന്നോ .. ഈശ്വരാ .. എന്നെങ്കിലും ഒരിക്കൽ എവിടെയെങ്കിലും വച്ച് കണ്ടുമുട്ടും എന്ന് കരുതി കാണാൻ കാത്തിരുന്നു ... എന്റെ കളിത്തോഴനായിരുന്നോ എന്റെ കൺമുൻപിൽ പിടഞ്ഞ് തീർന്നത് ... തെക്കേപുറത്തെ നീറി പുകയുന്ന ചിത ക്കരികിലേക്ക് അവൾ നടന്നു നിറഞ്ഞ മിഴികളോടെ ... അവൾ അവന്റെ ചിതക്കരികിൽ കണ്ണുകളടച്ച് തല താഴ്ത്തി നിന്നു ... എന്റെ പ്രിയപ്പെട്ട കൂട്ടുകാരാ നമ്മൾ തിരിച്ചറിയാൻ വൈകി പോയല്ലോ ... അവൻ തന്ന വളപൊട്ടുകളും പെൻസിൽ കഷണങ്ങളും മുത്തുമണികളും വക്കു പൊട്ടിയ സ്ലേറ്റും മയിൽ പീലി തുണ്ടും അങ്ങനെ എന്തെല്ലാം നിധിപോലെ തന്റെ ശേഖരത്തിൽ ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട് ...കുട്ടിക്കാലത്ത് ഒരുമിച്ച് സ്കൂളിൽ പോയതും ഒരുമിച്ച് കളിച്ചതും അമ്പലത്തിൽ പോയതും അവസാനം യാത്ര പറഞ്ഞ് പോന്നപ്പോൾ മനസ്സ് നൊന്ത് കരഞ്ഞതും .. ഓർമ്മകൾ .... ഹ്യദയം നിറയെ ഓർമ്മകൾ .... പ്രിയ കൂട്ടുകാരാ വിട ...
ഗൗരിയുടെ അമ്മ അരുന്ധതിയെ ചേർത്ത് പിടിച്ചു. "ഇവിടന്ന് പോവുമ്പോ ഇത്തിരിക്കോളം ഇരുന്ന കുട്ടിയാ .. വല്ല്യ പെണ്ണായി .. വല്ല്യ ഡോക്ടറായിന്ന് അഛ്ചൻ പറഞ്ഞു.. എന്റെ ഗൗരി ടെ മക്കളാ .. മൂത്തവൻ അനന്തുവും ഇളയവൾ ഭദ്രയും, "....അരുന്ധതി അവർ രണ്ടു പേരെയും ചേർത്തു പിടിച്ചു മൂർദ്ധാവിൽ മാറി മാറി ഉമ്മവച്ചു ,"ഇനി എന്റെ ഗൗരി ടെ മക്കൾക്ക് ഈ ഡോക്ടർ ആൻറി ഉണ്ടാവുംട്ടൊ എന്നും " വിഷമങ്ങൾക്കിടയിലും ആ കുടുംബങ്ങൾ ഒരു പാട് വിശേഷങ്ങൾ പങ്കുവച്ചു വീണ്ടും അവർ ഒന്നായി ,വീണ്ടും വരുമെന്ന് പറഞ്ഞ് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഗൗരിയുടെ മക്കളെ കിട്ടിയ സന്തോഷത്തിൽ അരുന്ധതിയുടെ മനസ്സ് നിറഞ്ഞിരുന്നു ., എല്ലാ ഭീതിയും അവളെ വിട്ടൊഴിഞ്ഞിരുന്നു ..ഗൗരിക്ക് ഇപ്പൊ എന്നെ മനസ്സിലായിട്ടുണ്ടാവും .. ചെയ്തതെല്ലാമോർത്ത് ആ ആത്മാവ് പശ്ചാത്തപിക്കുന്നുണ്ടാവും .... മടക്കയാത്രയിൽ അവൾ മുത്തശ്ശിയുടെ മടിയിൽ തല വച്ച് കിടന്നു ലോകത്തെവിടെയും ലഭിക്കാത്ത സ്നേഹവും സുരക്ഷിതത്വവും അവിടെ ഉണ്ടെന്നോർത്ത് അവൾ മയക്കത്തിലേക്ക് വഴുതി വീണു ..
തൊട്ടപ്പുറത്തെ പറമ്പിൽ കരിമ്പനയുടെ മുകളിൽ നിന്ന് ചുവന്ന കണ്ണുകളുള്ള ആ ഭീകര പക്ഷി ചിറകടികളോടെ ദൂരേക്ക് പറന്നകന്നു .....
ശുഭം.
സ്നേഹപൂർവ്വം ,
മഹേഷ് മാധവൻ ഇരിങ്ങാലക്കുട .
No comments:
Post a Comment