അനന്തവിഹായുസ്സിനും ജനിമൃതികൾക്കുമപ്പുറത്ത് പരിശുദ്ധ പ്രണയത്തിന് പവിത്രതയേറുന്നതും അതനശ്വരമായി, കാലാന്തരങ്ങളിലൂടെ നിറഞ്ഞൊഴുകുന്നതും ആത്മാക്കളുടെ സംഗമത്തിലൂടെ ആയിരിക്കാം................
തുള്ളിക്കൊരുകുടം പെയ്യുന്ന കർക്കിടകത്തിലെ കറുത്തവാവ്, പിത്യ തർപ്പണം ചെയ്യുന്ന പുണ്യദിനം, ദക്ഷിണായ
നത്തിലെ ആദ്യ അമാവാസി, പിത്യ പുണ്യം ഏറ്റുവാങ്ങി നാവാമുകുന്ദന്റെ വിരിമാറിലൂടെ
നിളയൊഴുകുകയാണ്... അതിന്റെ രൗദ്രഭാവ
ത്തോടെ..
ഇത് തിരുനാവായ..,ആത്മാക്കൾ നേരിട്ട് സ്വർഗ്ഗാരോഹണം നടത്തുന്ന നാവാമുകുന്ദന്റെ പുണ്യസ്ഥലം.. വിട്ടകന്ന ഓരോ ആത്മാക്കളെയും ഓർത്തുള്ള വേദനയും കണ്ണുനീരും ഇവിടെ വരുന്നവരുടെ മുഖത്തും ഈ പ്രകൃതിയിലുമുണ്ട് നിളയിൽ മുങ്ങി നിവരുമ്പോൾ പച്ചരിയും പുഷ്പവും എള്ളും ഇലക്കീറുകളും തർപ്പണംചെയ്യുന്നവരുടെ കണ്ണുനീരിനൊപ്പം നിള ഏറ്റു വാങ്ങുന്നു ....
തർപ്പണത്തിനെത്തുന്നവരുടെ തിരക്ക് ക്ഷേത്രത്തിൽ കൂടി കൊണ്ടിരിക്കുകയാണ് ,പുഴയിലേക്കുള്ള ചവിട്ടുപടികളിൽ ചടങ്ങുകൾ നടക്കുകയാണ് ..നനഞ്ഞ മുടി തന്റെ കഴുത്തിൽ വന്നു വീണപ്പോഴാണ് നിരഞ്ജൻ ഭക്തിയുടെ ഏകാഗ്രതയിൽ നിന്ന് ഞെട്ടിയുണർന്ന് പുറം തിരിഞ്ഞു നോക്കിയത്
"അയ്യോ .. ക്ഷമിക്കണം .. കണ്ടില്ലാട്ടോ ഒന്നും വിചാരിക്കരുത് ..."
പുറകിലെ ചവിട്ടുപടിയിൽ നനഞ്ഞ് ഈറനണിഞ്ഞിരിക്കുന്ന അവളെ അപ്പോഴാണവൻ ശ്രദ്ധിച്ചത്,അവൾ തണുത്തു വിറക്കുന്നുണ്ടായിരുന്നു. അവൾക്കു മറുപടിയായി അവൻ ഒന്നു ചിരിച്ചെന്നു വരുത്തുക മാത്രം ചെയ്തു
ചടങ്ങുകൾ കഴിഞ്ഞ് അമ്പലത്തിലെ നടയിൽ നിന്ന് പ്രാർത്ഥിച്ച് ഇറങ്ങുമ്പോഴാണ് തിരക്കിനിടയിൽ അവളെ കണ്ടത് ..'' കുട്ടി .. ഇവിടെ അടുത്താണോ വീട്..." ,"അല്ല കുറച്ച് അകലെയാണ് .. " "തൃപ്രങ്ങോട്ട് ശിവക്ഷേത്രത്തിന് അടുത്താ .."
"എന്താ ഇയാൾടെ പേര്...",
" പാർവ്വതി .. "
" മാഷ്ടെ നാടെവിടെയാ..."
" ത്യശ്ശൂരാ..."
"ഇത്ര ദൂരത്ത് നിന്നോ..." "ആശ്ചര്യത്തോടെയാണവൾ അവന്റെ മുഖ
ത്ത് നോക്കിയത് ..
" അത്ര ദൂരമൊന്നുമില്ല ഒരറുപത് കിലോമീറ്റർ .."
"ത്യപ്രങ്ങോട്ട് വന്നിട്ടുണ്ടോ?" ഇല്ലെന്നവൻ തലയാട്ടി .. " ഇവിടന്ന് പത്തു മിനിറ്റ് ദൂരെ ഉള്ളൂ കാണണ്ട സ്ഥലാ .. പോയാൽ പിന്നെ പോരാനേ തോന്നില്ല്യ...."
"അതെന്താ അവിടെ ഇത്ര വലിയ പ്രത്യേകത
...."
"കാലനിന്ന് രക്ഷപ്പെടാൻ മാർ കൺണ്ഡേയൻ ശിവനെ അഭയം പ്രാപിച്ച
സ്ഥലാ.. അവിടെ വച്ചാ ശിവൻ കാലനെ
കൊന്നത് ...."
അതു പറയുമ്പോൾ അവളുടെ മുഖം വല്ലാത്തൊരു അൽഭുതത്താൽ വിടർന്നി
രുന്നു..
അവളുടെ സംസാരത്തിലും ഭാവത്തിലും വല്ലാത്തൊരു നിഷ്കളങ്കതയും കുലീനത്വവും ആകർഷണീയതയും ..
"പോട്ടെ... വൈകിയാൽ അഛ്ച്ചൻ വിഷമിക്കും..... ",വർഷങ്ങളായുള്ള പരിചയം
പോലെയായിരുന്നു അവളുടെ സംസാരം...
കുട്ടിത്തം വിട്ടുമാറാത്ത മുഖഭാവം .. പതിനെട്ട് കഴിഞ്ഞു കാണും പഠിക്കുകയായിരിക്കും .. ചോദിക്കാൻ വിട്ടു പോയ കുറേ കാര്യങ്ങൾ ഉണ്ടായിരുന്നു അവന്റെ മനസ്സിൽ ... ആൾകൂട്ടത്തിന്റെ തിരക്കിനിടയിലൂടെ അവൾ നടന്നു മറയുന്നത് അവൻ നോക്കി നിന്നു ... അവളിപ്പോൾ ഒന്നു തിരിഞ്ഞു നോക്കിയെങ്കിൽ... കാഴ്ച മറയുന്ന ആ കോണിൽ വച്ച് അവൾ തിരിഞ്ഞവനെ നോക്കി ഒരു പുഞ്ചിരിയും സമ്മാനിച്ച് അവൾ കാഴ്ചയിൽ നിന്ന്മറഞ്ഞു ...
അവന്റെ മേൽ വന്നു വീണ അവളുടെ കാർകൂന്തൽ.. വല്ലാത്തൊരു നനുനനുത്ത സ്പർശം പോലെയായിരുന്നു ...
ആ കുളിരോർമയിൽ വല്ലാത്തൊരിഷ്ടം തോന്നി അവനവളോട്.....
മുജ്ജൻമങ്ങളിലെവിടെയോ കണ്ടു മറന്ന മുഖം, തന്റെ സ്വപ്നങ്ങളിലും മോഹങ്ങളിലും കണ്ട അതേ പെൺകുട്ടി... ഓരോ നോക്കിലും വാക്കിലും അനുഭവപ്പെടുന്ന വശ്യത .. അവളോട് സംസാരിച്ചത് മുതൽ സ്ത്രീ ഒരൽഭുതമാണെന്ന് തോന്നി തുടങ്ങിയിരിക്കുന്നു ... പ്രണയാർദ്രമായ അവളുടെ വിടർന്ന മിഴികളും വെള്ളാരൻ കണ്ണുകളും... കവിളിലെ നനുനനുത്ത സ്വർണ്ണ രോമങ്ങളും ... ഇളം റോസാ പൂ വിതൾ പോലുള്ള ചുണ്ടുകളും .. ഇത്രയും ആകർഷണീയതയുള്ള ഒരു പെൺകുട്ടിയെ ആദ്യമായ് കാണുകയാണ് ,ആർക്കും അവളെ കണ്ടാൽ ഒന്ന് പ്രണയിക്കാൻ കൊതിച്ചു പോകും ..
നെഞ്ചിലൊരു വലിയ ഭാരം കയറ്റിവച്ചതു പോലെ തോന്നി അവന് ,റോഡിലും
ഇടവഴികളിലും തിരക്കിനിടയിലും അവൾക്കു വേണ്ടി അവന്റെ കണ്ണുകൾ പരതി നടന്നു .അവൻ മനസ്സിലുറപ്പിച്ചു
ത്യപ്രങ്ങോട്ട് ശിവനെ കാണാൻ പോവുക തന്നെ അവളുടെ ഗ്രാമവും .....
തൃപ്രങ്ങോട്ട് അമ്പലത്തിന്റെ മുൻപിലൂടെ പോക്കറ്റ് റോഡിലൂടെ പോയി വണ്ടി പാർക്ക് ചെയ്തു. നിറയെ മരങ്ങളൊക്കെയുള്ള പുല്ലുപിടിച്ച ഒരു പറമ്പിലാണ് പാർക്കിങ്ങ്, ഒട്ടും തിരക്കില്ലാത്ത ദിവസം ,അവിടെ നിന്ന് നടന്ന് അമ്പലത്തിലേക്ക് കയറിയതും സത്യത്തിൽഅൽഭുതപ്പെട്ടു പോയി... അമ്പലത്തിനകത്ത് പടർന്നു പന്തലിച്ച് വിരിഞ്ഞു നിൽക്കുന്ന ആലും കാലനെ വധിച്ച് ശിവൻ ത്രിശൂലം കഴുകിയ കുളവും ഉപദേവതകളും വലിയ അമ്പലവും.. അമ്പലക്കുളവുമെല്ലാം കൺകുളിർക്കെ കണ്ടു .. അവളെ കണ്ടില്ലായിരുന്നുവെങ്കിൽ .. ഒരു പക്ഷെ ഇത്രയും മനസ്സു കുളിരുന്ന കാഴ്ചകൾ മനസ്സിൽ നിറയില്ലായി
രുന്നു. വല്ലാത്തൊരു ഗ്രഹാതുരത്ത്വം .. മനസ്സിൽ നിറയുന്ന പച്ചപ്പ് .. അമ്പലവും ആലും കുളവും എല്ലാം ... അവൾ പറഞ്ഞത് ശരിയാണ് തിരിച്ച് പോവാനേ തോന്നുന്നില്ല
"എന്റെ ശിവനേ തിരികെ പോകും മുൻപ് എനിക്കവളെ ഒന്നൂടെ കാണിച്ചു തരണേ.."
ഏത് അമ്പലത്തിലും ആദ്യമായി ചെല്ലുമ്പോൾ പറയുന്നത് നടക്കുമെന്നാണ് .. നോക്കാം.. അവൻ പുറത്തിറങ്ങി ഇടവഴിയിലൂടെ വാഹനത്തിനടുത്തേക്ക് നടന്നു.....
പുറകിൽ ഒരു കാൽ പെരുമാറ്റം പോലെ .. പുറം തിരിഞ്ഞു നോക്കിയതും ഞെട്ടിപോയി ,നിരഞ്ജന് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല .താൻ സ്വപ്നം കാണുകയാണോ അതാ നടന്നു വരുന്നു ആ പാവാടക്കാരി പെൺകുട്ടി പാർവ്വതി ... ചുണ്ടിൽ കുസൃതി ചിരിയും കണ്ണിൽ പ്രണയം നിറഞ്ഞ ഭാവവും .....
"ഞങ്ങൾടെ തേവരെ കാണാൻ വന്നൂലെ ... "
"ഉം.... തേവരെ കാണാൻ മാത്രല്ല ... തന്നെയും തന്റെ ഗ്രാമത്തെയും കൂടെ കാണുവാനാണ് വന്നത്.. തന്നെ കണ്ടില്ലായിരുന്നുവെങ്കിൽ അതൊരു വലിയ നഷ്ടമായേനെ ഇത്രയും പഴക്കവും ഐശ്വര്യവുമുള്ള അമ്പലം വേറെ എവിടെയും കണ്ടട്ടില്ല... ."
"ഐശ്വര്യം മാത്രല്ല .. വിളിച്ചാൽ വിളിപ്പുറത്താ ഞങ്ങടെ തേവര്.. ഇപ്പൊ തന്നെ കണ്ടില്ല്യേ... എന്നെ കാണിച്ചു തരണം ന്ന് പറഞ്ഞതും മുൻപില് കാണിച്ചു തന്നില്ല്യേ...... " ,
''അതിന് തനിക്കെങ്ങനെ മനസ്സിലായി ഞാൻ തന്നെ കാണണംന്ന് മൂപ്പരോട് പറഞ്ഞൂന്ന്.... "
"ഉം..... ഉണ്ണിയെ കണ്ടാലറിഞ്ഞൂടെ..... "
"ഇവിടെ അടുത്താണോ തന്റെ വീട് ..."
"ആ.. കുറച്ച് പോയാൽ മതി... "
" താനെന്താ ചെയ്യണെ പഠിക്കാണോ..."
"ഉം ... ഡ്രിഗ്രി ഫൈനൽ ഇയർ ...."
"ഏത്.. കോളേജിലാ ..."
"സെൻറ് ജോസഫ് വുമൻസ് കോളേജ് കുറ്റിപ്പുറം..."
"അപ്പൊ കോളേജിൽ വന്നാൽ തന്നെ കാണാം ലെ...."
"കോളേജിൽ വന്നാൽ കാണാൻ പറ്റും ന്ന് തോന്നണില്ല്യാ.. "
" അതെന്താ "
" കോളേജില് പുറത്തൂന്ന് വരുന്നവരെ കയറ്റില്ല്യ ... പ്രത്യേകിച്ച് മാഷ്ടെ പ്രായത്തിലുള്ള ചെക്കൻമാരെ ...."
"അപ്പൊ ഇനി എങ്ങിന്യാ ഒന്നു കാണാ... "
"ആ.... എനിക്കറിഞ്ഞൂടാ... അല്ലെങ്കിലിപ്പൊ എന്തിനാ കാണണെ ....."
ഈശ്വരാ ഉത്തരം മുട്ടിപ്പോയോ ഇഷ്ടമായെന്നെങ്ങാനും പറഞ്ഞാൽ ..... വേണ്ട ...തൽക്കാലം പറയണ്ട....
"തനിക്ക് ഫോണും ഫെയ്സ് ബുക്കും വാട്സ പ്പും ഒന്നൂല്ല്യെ..."
"ഉണ്ടല്ലോ... പക്ഷെ ഇപ്പൊ ഒന്നും ഏക്ടീവ് അല്ല... "
"എന്നാൽ തന്റെ നമ്പർ ഒന്നു തരുമോ .."
"നമ്പറൊക്കെ തരാം.. പക്ഷെ ഫോണില് വെള്ളം കയറി ഫോൺ ഓഫാണ് മാഷെ ...."
"നമ്പർ എഴുതിക്കോ ഇനി അതു തന്നില്ലാന്ന്
വേണ്ട ... 828166213* ചിലപ്പോ എന്റെ അഛ്ച്ചനാവും എടുക്കാ..."
"താങ്ക്സ്.... പിന്നെ ഈ മാഷെ ന്നുള്ള വിളി വേണ്ട .. നിരഞ്ജൻ അതാ എന്റെ പേര് ..."
"ഉം... എന്റെ തേവർടെ പേരാണല്ലോ.. ശരി.. എന്നാൽ ഞാൻ പോണൂട്ടോ..."
"നിൽക്ക് ഞാൻ സീരിയസ്സായി ഒരു കാര്യം പറയട്ടെ ... " ," ഉം.. വേഗം പറയ് ദേ ആൾക്കാരൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കണൂ..."
അമ്പലത്തിന്റെ നടയിലും സമീപത്തെ ഹോട്ടലിന്റെ മുൻപിലും ചില തലകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.....
"ഇപ്പൊ ഇങ്ങനെ പറയാമോ എന്നെനിക്കറിയില്ല .അവിചാരിതമായാണ് തന്നെ കണ്ടത് .. കണ്ടതു മുതൽ ഏതോ ഒരു മുജ്ജൻമസുകൃതം പോലെ...എവിടെയോ കണ്ടു മറന്ന മുഖം പോലെ.... താനെന്റെ മനസ്സി
ലേക്ക് ഇത്ര പെട്ടെന്ന് എങ്ങനെ കയറീന്ന് എനിക്കറിയില്ല .. തന്നെ കുറിച്ച് ഒന്നും എനിക്കറിയില്ല ... ഒന്നു മാത്രമറിയാം എനിക്ക് തന്നെ ഒരുപാടിഷ്ടായി ... എനിക്ക് തന്നെ കാണണം.......... , തന്നോട് സംസാരിക്കണം.. താനെന്നും എന്റെ കൂടെ വേണം .. എനിക്ക് തന്നെ ഒരു പാട് ഇഷ്ടമാണ് ... " അവന്റെ തൊണ്ടയിടറി, വിറയാർന്ന സ്വരത്തോടെയാണവൻ അത്രയും പറഞ്ഞു തീർത്തത് ...
അവൾ ഒന്നു ചിരിക്കുക മാത്രം ചെയ്തു കൊണ്ട് പതുക്കെ നടന്നു..
"പാർവ്വതീ... ഇനി കാണോ നമ്മൾ ... "
"കാണണോ.... ", "ഉം... ആഴ്ചയിൽ ഒരിക്കലെങ്കിലും എനിക്ക് കാണണം.... ",
"ഞാൻ പോണൂ..."
"ഞാൻ പറഞ്ഞതിന് മറുപടിയൊന്നും പറഞ്ഞില്ല..... "
" എന്നോട് പറയാനുള്ളതൊക്കെ അങ്ങോട്ട് പറഞ്ഞാൽ മതി.... ഭഗവാനറിയാണ്ട് നിക്ക് ഒരു കാര്യൂല്ല്യാ..."
അവൾ ദൂരേക്ക് നടന്നകലുന്നതും നോക്കി അവൻ നിന്നു... ദൂരെ നിന്നുള്ള അവളുടെ തിരിഞ്ഞുനോട്ടം അവന്റെ മനസ്സിനെ വല്ലാതെ കുളിരണിയിച്ചു.. അതിനിടയിൽ അവളറിയാതെ മൊബൈലിൽ അവളുടെ ഫോട്ടോ പകർത്താനും അവൻ മറന്നില്ല
മനസ്സിൽ ഒരു നൂറ് ഇടക്കകൾ ഒരുമിച്ച് കൊട്ടി തുടങ്ങിയിരിക്കുന്നു....
വന്ദേ.. മുകന്ദ ഹരേ.. ജയ.. ശൗരേ.. സന്താപഹാരി മുരാരേ... ദ്വാപര ചന്ദ്രികാ...
മൂളിപാട്ടും പാടി കൊണ്ട് വണ്ടിയിൽ ചാരി നിന്ന് fb യിൽ പാർവ്വതിയെ തിരഞ്ഞു .. ഒരു നൂറു പാർവ്വതിയുണ്ട്... ഇതിൽ നിന്ന് എങ്ങിനെ മനസ്സിലാവാനാ.. ആ ദൗത്യം തൽക്കാലം അവനുപേക്ഷിച്ചു ...
എത്ര സുന്ദരമാണ് അവളുടെ ഗ്രാമം..ഇവിടുന്ന് പോവാനേ തോന്നുന്നില്ല., അവൻ വീണ്ടും അമ്പലത്തിന്റെ നടയിലേക്ക് നടന്നു...
"ഭഗവാനേ ... നേരത്തെ അവളോട് മൂപ്പരെന്ന് പറഞ്ഞത് ഒരു ബഹുമാന കുറവായി എടുക്കരുത് ... ഇപ്പൊ നമ്മടെ നാട്ടിലൊക്കെ പാടത്ത് പണിയും വരമ്പത്ത് കൂലിം നാണല്ലോ.... ആദ്യത്തെ പ്രാർത്ഥന പെട്ടെന്ന് തന്നെ സാധിച്ചു തന്നു.., നന്ദി ഭഗവാനെ ഒരു പാട് നന്ദി ... ഇനി ഒരെണ്ണം കൂടിയുണ്ട് .. പാർവ്വതി കുട്ടിയെ ഒരു പാട് ഇഷ്ടായി എനിക്ക് ... എനിക്കവളെ വേണം ..
ഈ ജൻമം മുഴുവൻ വേണം.. .ജന്മ ജൻമാന്തരങ്ങളിലും.. ഈയൊരാഗ്രഹം കൂടെ എനിക്ക് നടത്തി തരണം .. എന്നിട്ട് ഞങ്ങൾക്കൊരുമിച്ച് വരണം ഭഗവാന്റെ ഈ നടയിലേക്ക്..."
രാവിലെ 5 മണിക്ക് പുറപ്പെട്ടതാ ... വിശന്നിട്ടു വയ്യ ... ഇവിടന്ന് പോവാനും തോന്നണില്ല്യ.. അമ്പലത്തിന്റെ തൊട്ടു മുൻപിലെ ഹോട്ടലിലേക്ക് നടന്നു.... പഴയൊരു ഹോട്ടൽ....
"ചായയുണ്ട് .. വേറെ കഴിക്കാൻ ഒന്നൂല്യ..."
"ആ... ചായയെങ്കിൽ ചായ... "
"വേറൊന്നും തോന്നരുത് ഹോട്ടല് അടക്കാൻ പോവാണ് അതാ... ഇവടെ അടുത്ത് ഒരു മരണംണ്ട്... അമ്പലത്തില് ഭഗവാന്റെ സ്വന്തം ആളായിരുന്നു.... ഇവിടടുത്താ... വാര്യത്തെ...വാരസ്യാരു കുട്ടിയാ.. താമര പൊട്ടിക്കാൻ പുഴയില് ഇറങ്ങീതാ.... ഇന്നലെ
രാത്രീലാ ബോഡി കിട്ടീത് ... ഭഗവാന്റെ എന്തു കാര്യത്തിനും മുൻപന്തില് ഉണ്ടായിരുന്ന മോളാ.... എന്തു നല്ല കുട്ടിയായിരുന്നൂന്ന് അറിയോ ... അങ്ങന്യാ.. ഭഗവാന് ഇഷ്ടം കൂടിയാല് നേരത്തേ അങ്ങട് കൊണ്ടു പോവും... ശിവനും പാർവ്വതിംന്ന് എപ്പഴും ഞങ്ങള് കളിയാക്കി വിളിക്കും അവളെ....ദാ... ആ ഫ്ളക്സ് കണ്ടില്ല്യേ ..ചിരിച്ചോണ്ട് നിക്കണത്..... വലിയൊരു ഫ്ളക്സിലേക്ക് കൈചൂണ്ടി കൊണ്ടയാൾ പറഞ്ഞു.
പാർവ്വതി 20 വയസ്സ് ... ഇപ്പോഴാണ് അത് ശ്രദ്ധിച്ചത് .ഒരു നിമിഷം തലച്ചോറിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു.
..., ശരീരം തളർന്നു പോകുന്നതു പോലെ തോന്നി അവന് .. നിരഞ്ജൻ ഒന്നേ നോക്കിയുള്ളൂ.. അതെ സത്യമാണ് അവൾ തന്നെ ... പക്ഷെ കേട്ടതും കണ്ടതും സത്യമാവരുതേ എന്ന് അയാൾ മനസ്സുരുകി പ്രാർത്ഥിച്ചു .ഇന്നലെ മരിച്ചു പോയെങ്കിൽ പിന്നെ അവൾ എന്നോട് ഇന്നെങ്ങനെ.... ഇത്രയും നേരം തന്നോട് സംസാരിച്ച് നടന്നകന്നവൾ... ഏയ് അതൊരിക്കലും അവളായിരിക്കില്ല.. അവൻ സ്വയം മനസ്സിന് ധൈര്യം പകർന്നു... ഭഗവാനെ ഇങ്ങനെ മുൻപേ അവളെ തിരിച്ചെടുത്തിരുന്നുവെങ്കിൽ .. എന്തിനാ ഈ കാഴ്ചകൾ കാണിച്ച് എന്നെ പറ്റിച്ചത് ....
ഒരു ആമ്പുലൻസ് ബീക്കൺ ലൈറ്റുമിട്ട് അമ്പലത്തിന്റെ നടയിലൂടെ പോക്കറ്റ് വഴിയിലൂടെ കടന്നു പോയി...
"ഓളെ കൊണ്ട് വന്നൂന്ന് തോന്നുന്നു .. വാര്യത്തേക്കാ ആ വണ്ടി പോണത് ..."
അവൻ സ്വബോധം നഷ്ടപ്പെട്ടവനെപോലെ കാറിനെ ലക്ഷ്യമാക്കി നടന്നു.... കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു... ഒന്നുറക്കെ പൊട്ടിക്കരയണമെന്നു തോന്നി അവന്
" എയ് ചേട്ടാ ചായ വേണ്ടേ ... "
ആ പിൻവിളി അവൻ കേട്ടില്ല ." തലക്ക് സുഖമില്ലാത്ത ആളാന്ന് തോന്നുന്നു.. നേരത്തെ അവിടെ നിന്ന് ഒറ്റക്ക് സംസാരിക്കുന്നുണ്ടായിരുന്നു.... "ഹോട്ടലിൽ ഇരുന്ന് ആരോ ഒരാൾ പറഞ്ഞു
ഭഗവാനേ നീയെന്നെ പറ്റിച്ചതാണോഅതോ മായ കാഴ്ചകൾ കാണിച്ച് പരീക്ഷിച്ച തോ ... എന്തായാലും എനിക്ക് സങ്കടായിരിക്കണു... ഒരു പാട് സങ്കടായിരിക്കണു...
അവൻ മൊബൈൽ എടുത്ത് അവനെടുത്ത അവളുടെ ഫോട്ടോ നോക്കി ... ഞെട്ടി തരിച്ചുപോയി... അവ്യക്തമായ പുകപടലം പോലെ ഒരു രൂപം മാത്രം.....
ആക്സിലേറ്ററിൽ കാലമർന്നു.. എന്നാലും ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല..യാതൊന്നുമറിയാത്ത ഒരാൾ .. എവിടെ നിന്നോ വന്നു എവിടേക്കോ പോയി ... ന്നാലും ... എന്റെ മനസ്സിനെ ഇത്രയധികം കീഴ്മേൽ മറിക്കാനുള്ള ബന്ധമായിരുന്നോ ഞങ്ങൾ തമ്മില് ..... കുറ്റിപ്പുറം പാലം കടക്കും മുൻപേ കൊടും വളവ് ...മീറ്ററിലെ ചുവന്ന അടയാളത്തിലേക്ക് സൂചി തിരിഞ്ഞു പോയ്കൊണ്ടിരുന്നതായാൾ ശ്രദ്ധിച്ചില്ല...വളവു തിരിഞ്ഞതും എതിരേ വന്ന ലോറിയുടെ അടിയിലേക്ക് വണ്ടി ഇടിച്ചു കയറി നിന്നു.....
പോലീസും ഫയർ ഫോഴ്സും ഒരു മണികൂറിലധികം പണിപ്പെട്ട്
വണ്ടി വെട്ടിപൊളിച്ചാണ് അവനെ പുറത്തെടുത്തത് ...
ഒരു മണിക്കൂറായി നിരഞ്ജൻ മരിച്ചിട്ട് ..
ആശുപത്രിയിലെ മോർച്ചറിയിൽ പ്രാണൻ വേർപ്പെട്ട അവന്റെ ശരീരത്തിലേക്ക് നോക്കി അവന്റെ ആത്മാവ് ഇരുന്നു...
ഈശ്വരാ ഇത് എന്ത് പരീക്ഷണമാണ് ...സ്വന്തം അഛ്ച്ചന്റെ ബലി കർമ്മങ്ങൾ ചെയ്യാൻ വന്ന മകൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.. അതായിരിക്കുമല്ലൊ നാളെ പത്രത്തിലെ ചരമ കോളത്തിലെ വാർത്ത
ഒരു നിമിഷം അമ്മയെ കുറിച്ചോർത്തു പോയി... അനിയത്തി കുട്ടിയെ കുറിച്ചോർത്തു പോയി ... അവർക്കിനി ആരുണ്ട് തുണ ..അവരിനി എങ്ങിനെ ജീവിക്കും...
പുറത്ത് ചെറിയച്ചനും അമ്മാവൻമാരും നിൽപുണ്ട്.. അമ്മയും അനിയത്തി കുട്ടിയും എങ്ങിനെ സഹിക്കാവോ ഇത് ... പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബോഡി ആമ്പുലൻസിലേക്ക് കയറ്റി ..,
പുറത്ത് നനുനനുത്ത ഒരു സ്പർശം പോലെ ഒരു കൈതലം,... അവിശ്വസനീയമായി തിരിഞ്ഞു നോക്കി...." പാർവ്വതി.. നീ... ഇവിടെ.... ഒന്നും വിശ്വസിക്കാൻ പറ്റണില്ല.... "
"അതെ പാർവ്വതി തന്നെ... ആരാ പറഞ്ഞെ എന്റെ ഭഗവാനോട് എന്നെ കിട്ടണം എന്ന് പ്രാർത്ഥിക്കാൻ...., അതു കൊണ്ടല്ലെ എല്ലാം ഇത്ര പെട്ടെന്നായത് ... സാരല്ല്യ... വിഷമിക്കണ്ട ....
..... കഴിഞ്ഞു പോയ ജൻമത്തിലേക്ക് ഒന്ന് ഓർത്തു നോക്കൂ... എന്നെ ഓർമ്മയുണ്ടോന്ന്.... നമ്മൾ ഒരു പാട് സ്നേഹിച്ചു പക്ഷെ നമുക്ക് ഒന്നാവാൻ യോഗമുണ്ടായില്ല ... ഈ ജൻമത്തിൽ കാണാനും സ്നേഹിക്കാനും യോഗമുണ്ടായില്ല പക്ഷെ മരണത്തിലൂടെ നമ്മൾ ഒന്നായി .. തന്നെ കൂട്ടി കൊണ്ടു പോവാൻ തന്ന്യാ ഞാൻ രാവിലെ കടവിലേക്ക് വന്നത് ....എല്ലാം ഭഗവാന്റെ മായ..
വാ.... നമുക്ക് പോകാം....ഞാനും വരണുണ്ട് തന്റെ ഗ്രാമത്തിലേക്ക് ...." അവർ കൈ കോർത്തു പിടിച്ച് നടന്നു ...ആമ്പുലൻസിന്റെ വാതിലടഞ്ഞു .. നീല ബീക്കൺ ലൈറ്റും ഇട്ടു കൊണ്ട്...... ,ചരിത്രമുറങ്ങുന്ന തിരുനാവായ നാവാമുകുന്ദന്റെ മണ്ണിലൂടെ ആ വാഹനം ദൂരേക്ക് യാത്രയായി ... മഴ കനത്തു ... നിള അപ്പോഴും,ഒഴുകികൊണ്ടേയിരുന്നു.. ഒരു ദേശത്തിന്റെ........... സംസ്കാരത്തിന്റെ... ഭാഗമായി.. ,വികാരമായി ......അതിന്റെ രൗദ്രഭാവത്തോടെ.......
ശുഭം,
സ്നേഹപൂർവ്വം,
മഹേഷ് മാധവൻ ഇരിങ്ങാലക്കുട
ചേട്ടാ സൂപ്പറായിട്ടുണ്ട്
ReplyDeleteചേട്ടാ സൂപ്പറായിട്ടുണ്ട്
ReplyDelete