മേഴത്തൂർ ഗ്രാമത്തിലെ ഇല്ലിക്കൽ കോവിലകം .., ദുർമരണങ്ങൾക്ക് പേരുകേട്ട തറവാട്, രക്ഷസിന്റെ ശാപം കൊണ്ട് സന്തതിപരമ്പരകൾ വാഴാത്ത സ്ഥലം. അവിടെ ഒരു മുത്തശ്ശിയുണ്ട് ,മദ്ധ്യവയസ്കനായ മകൻ ബ്രഹ്മദത്തൻ തിരുമേനിയും പിന്നെ എന്തിനെയും നേരിടാൻ ചങ്കുറപ്പുള്ള ഇരുപതിന്റെ നിറവിലും കുസൃതി വിടാതെ ഓടിച്ചാടി നടക്കുന്ന, പട്ടുപാവാടയും ദാവണിയും സെറ്റുമുണ്ടും ഒക്കെ ഉടുത്ത് മുടി നിറയെ മുല്ലപ്പൂവ്വും ,പാദസരത്തിന്റെയും കുപ്പിവളകളുടെയും കിലുക്കവുമായി ഓടിച്ചാടി നടക്കുന്ന കൃഷ്ണവേണി എന്ന നാട്ടിൻ പുറത്തുകാരി കുട്ടിയും വേണിയുടെ ചെറിയഛൻമാരും കുടുംബവുമൊക്കെ പേടിച്ച് രക്ഷപ്പെട്ടു വിവിധ നാടുകളിലേക്കും വിദേശത്തേക്കുമൊക്കെ കാരണം പുതു തലമുറയെ വാഴാൻ അനുവദിക്കാത്ത രക്ഷസ്സിന്റെ പക തന്നെ കാരണം.
തൊട്ടപ്പുറത്ത് ശിവക്ഷേത്രമാണ്,അമ്പലക്കുളവും ,അതു കഴിഞ്ഞാൽ നോക്കെത്താ ദൂരം വിശാലമായ പാടമാണ്, മഴക്കാലത്ത് രണ്ടാൾ ഉയരത്തിൽ മലവെള്ളം വന്നു നിറഞ്ഞ് കായൽ പോലെ കിടക്കുന്ന ഇല്ലിക്കൽ കോൾ പാടം. പാടത്തിന്റെ അങ്ങേ കരയിലാണ് വൈമേലിക്കാവ് ദേവീക്ഷേത്രം.വേണിയുടെ അഛ്ചനാണ് ശിവക്ഷേത്രത്തിലെ ശാന്തികർമ്മം ,ക്ലാസില്ലാത്ത സമയത്തൊക്കെ രാവിലെയും വൈകീട്ടും തുളസിമാലയും കറുക മാലയും കൂവളമാലയുമൊക്കെ കെട്ടി അഛ്ചനു കൂട്ടായി അമ്പലത്തിലുണ്ടാവും അവൾ.
ദീപാരാധന നേരത്ത് ചുറ്റുവിളക്കിന്റെ ദീപകാഴ്ചകൾക്കിടയിലൂടെ ദീപവുമായി വരുന്ന അവളുടെ രൂപം ഉദിച്ചു വരുന്ന പൂർണ്ണചന്ദ്രന്റെ ശോഭ പോലെയായിരുന്നു. അവളുടെ ഒരു നോട്ടത്തിനായി എത്രയെത്ര ആൺകുട്ടികളാണ് രണ്ട് നേരവും മുടങ്ങാതെ അമ്പലത്തിൽ വരാറ്.
അനന്തന്റെ ഭാഗ്യമാണവൾ അനന്തകൃഷ്ണൻ അവളുടെ മുറച്ചെറുക്കനാണ് ,കുട്ടികാലത്തേ ഉറപ്പിച്ചതാണ് അവരുടെ വിവാഹം,ആ ഗ്രാമം മുഴുവൻ പറയും അവരെ പോലെ ഇത്ര നല്ല ജോടികൾ വേറെ ഇല്ലാന്ന്......
തെക്കിനിയിലൂടെ വന്ന കാറ്റ് നടുമുറ്റവും കടന്ന് ഒരു കുളിർതെന്നലായി അവരെ തഴുകി കടന്നു പോയി, അവളുടെ മുടിയിഴകളിൽ തഴുകി വന്ന കാറ്റിന് കാച്ചിയ എണ്ണയുടേയും മുല്ലപ്പൂവ്വിന്റെയും മനം കുളിർപ്പിക്കുന്ന മാസ്മരിക ഗന്ധമായിരുന്നു..കൃഷ്ണവേണിയുടെ മണം... അഴിഞ്ഞു വീണു കിടക്കുന്ന അവളുടെ കാർകൂന്തലിൽ ഒന്നു മുഖമമർത്തി അവളെ ഒന്നുചേർത്ത് പിടിക്കാൻ കൊതി തോന്നി അനന്തുവിന് ..നടുമുറ്റവും കഴിഞ്ഞ് ഗോവണി കയറി മുകളിലെ നിലയിലെ ഇടനാഴിയിലൂടെ അവർ നടന്നു.. അവളുടെ കാൽ കൊലുസിന്റെയും കുപ്പിവളകളുടെയും കിലുക്കവും കിളി കൊഞ്ചലും വിടർന്ന മിഴിയിലെ പ്രണയം നിറഞ്ഞ നോട്ടവും ചുണ്ടിലൊളിപ്പിച്ച ചിരിയും.... എന്ത് ഭംങ്ങിയാണ് വേണിയെ കാണാൻ ... മനസ്സ് വല്ലാതെ പ്രണയാർദ്രമാവുകയാണ്... അവൻ അവളോട് ചേർന്ന് നടന്നു... അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് മുടിയിൽ മുഖമമർത്തി ... "ഹായ് എന്ത് മണാ വേണീടെ മുടിക്ക്.....", അവൾ ഒരു കള്ള നോട്ടത്തോടെ ചിരിയൊതുക്കി തിരിഞ്ഞു നിന്നു ..." ദേ കുറുമ്പു കാണിച്ചാ ഞാൻ മുത്തശ്ശിയോട് പറഞ്ഞു കൊടുക്കും ട്ടാ...."
" ഉവ്വോ .. എന്നാ അതു തന്നെ കാണട്ടെ ആദ്യം .... ",അവളുടെ അരക്കെട്ടിലൂടെ ചുറ്റിവരിഞ്ഞ് അവനവളെ അവന്റെ നെഞ്ചിനോടു ചേർത്തു നിർത്തി ... അവന്റെ നിശ്വാസത്തിന്റെ ചൂട് അവൾ തിരിച്ചറിഞ്ഞു,
അവരുടെ നെഞ്ചിടിപ്പ് കൂടി കൊണ്ടെയിരുന്നു... ഒരു നിമിഷമവർ പരസ്പരം കണ്ണുകളിലേക്ക് നോക്കി നിന്നു..
അവന്റെ നോട്ടം അവളുടെ കണ്ണുകളിലൂടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതായവൾക്കു തോന്നി ...
അവളുടെ പാതി കൂമ്പിയ മിഴികളിലെ നോട്ടം അവന്റെ മനസ്സിൽ പ്രണയത്തിന്റെ കുളിർ മഴ പെയ്യിച്ചു.. വിറയാർന്ന അവളുടെ ചുണ്ടിൽ ചുണ്ടമർത്താൻ അവൻ ആഞ്ഞതും അവന്റെ നെഞ്ചിൽ ഇരു കൈകളും കൊണ്ട് മെല്ലെ ഇടിച്ച് കുതറി മാറി അവൾ ഓടി,കുസൃതി ചിരിയോടെ....
" മുത്തശ്ശീ ... ദേ അനന്തേട്ടൻ എന്നെ ഉപദ്രവിക്കണൂ.....", ദൂരേക്ക് ഓടി മറയുന്ന, അവളുടെ കൊലുസിന്റെ കിലുക്കങ്ങൾ നേർത്തു നേർത്തു വന്നു ...
അവളുടെ കയ്യിൽ നിന്ന് വീണുടഞ്ഞ വളപ്പൊട്ടുകൾ ഓരോന്നായി അവൻ പെറുക്കിയെടുത്തു. " പിന്നേ.... എനിക്കറിഞ്ഞുകൂടെ ഇവിടെ മുത്തശ്ശിയും അമ്മാവനും ഒന്നുമില്ലാന്ന് ... വേണീ.... നീ എവട്യാ...., ഒളിച്ചിരുന്ന് എന്നെ പറ്റിക്കണ്ടാട്ടോ ..., ഞാൻ പിണങ്ങും നിന്നോട് ... ദേ... ഞാൻ പോയാൽ പിന്നെ ഒരു മാസം കഴിഞ്ഞേ വരൊള്ളൂട്ടോ.."
അവൻ ഓരോ മുറിയിലും കയറിയിറങ്ങി ,തൊട്ടടുത്ത് അവൻ തിരിച്ചറിഞ്ഞു അവളുടെ നിശ്വാസം ...
ആ മുറിയുടെ വാതിലിനു പുറകിൽ ഇരു കൈകളും കൊണ്ട് കണ്ണുകൾ പൊത്തി നിൽക്കുകയായിരുന്നു അവൾ ..," ഇവിടെ ഒളിച്ചു നിക്കാ നീയ്യ് ...",അവനവളുടെ കൈകൾ രണ്ടും മുഖത്തു നിന്നെടുത്തു മാറ്റി .. അവളെ നെഞ്ചോടു ചേർത്ത് ഇറുകെ പുണർന്നു ..അവന്റെ കൈകളിൽ അവൾ വരിഞ്ഞുമുറുകി..., അവളുടെ ചുണ്ടിലും നെറ്റിയിലും കവിളിലും കഴുത്തിലും ചൂടുള്ള ഉമ്മകൾ കൊണ്ടു നിറഞ്ഞു ... അവർ എല്ലാം മറന്നു... പതുക്കെ പതുക്കെ എല്ലാം കൈവിട്ടു പോയ്കൊണ്ടിരുന്നതവരറിഞ്ഞില്ല....അനന്തകൃഷ്ണന്റെയും കൃഷ്ണവേണിയുടെയും ആദ്യ സമാഗമം..
മാധുര്യമേറിയ ആദ്യാനുഭവത്തിന്റെ ഓർമ്മകളോടെ, അവൾ അന്ന് ചാരി നിന്ന ചുവരിൽ പതുക്കെ തലോടി കൊണ്ടിരുന്നു ..., നാണം കൊണ്ടു വിടർന്ന മുഖത്തെ ചെറു പുഞ്ചിരിയോടെ..
ഒരു സംശയം മാത്രമായിരുന്നു .. പക്ഷെ ഇന്ന് ഏറെക്കുറെ ഉറപ്പിച്ചു അനന്തേട്ടന്റെ ജീവൻ തന്റെ ഉദരത്തിൽ തുടിക്കാൻ തുടങ്ങിയിരിക്കുന്നു ..
അനന്തേട്ടനെ വിളിച്ചിരുന്നു രാവിലെ.,രണ്ട് ദിവസം കഴിഞ്ഞ് ലീവെടുത്ത് വരാന്ന് പറഞ്ഞിട്ടുണ്ട് ..സർപ്രൈസ് ആണ് എല്ലാം വന്നിട്ടെ പറയൂ നെഞ്ചോടു ചേർന്ന് നിന്ന് ആ ചെവിയിൽ പറയണം..കേൾക്കുമ്പോൾ ഒരു പാട് സന്തോഷാവും .. പിന്നെ എത്രയും പെട്ടെന്ന് എല്ലാവരുടെയും അനുഗ്രഹത്തോടെ വിവാഹം .. മധുര സ്മരണകൾ അയവിറക്കി തന്റെ ഉദരത്തിൽ കൈ ചേർത്തുവച്ചവൾ നിന്നു.
പെട്ടെന്ന് ഒരു കടവാവ്വൽ അവൾക്കു നേരെ പറന്നു വന്ന് ചിറകടിച്ചു കൊണ്ട് പുറത്തേക്ക് പറന്നു പോയി.., അമ്മേ... എന്ന അവളുടെ നിലവിളി ഇടനാഴിയിൽ പ്രതിധ്വനിച്ചു.. മുറിയിലെ എയർ ഹോളിലേക്ക് നോക്കിയതും ഞെട്ടിത്തരിച്ചു പോയി .. ചുവന്ന കണ്ണുകളുള്ള ഒരു കരിം പൂച്ച തന്നെയും നോക്കിയിരിക്കുന്നതവൾ കണ്ടു, അതു ചുമരിലൂടെ ചാടിയിറങ്ങി ചീറി കൊണ്ട് അവൾക്കു നേരെ ഓടിയടുത്തു.., "മുത്തശ്ശീ" അവൾ വേഗത്തിൽ ഗോവണിയിറങ്ങി താഴേക്ക് ഓടി ...,
"എന്താ .. ഈ കുട്ടിക്ക് ... എന്തിനാ ഇങ്ങനെ ഓടണെ ..","മുത്തശ്ശി.. അവിടെ മുകളിലത്തെ റൂമില് ഒരു കരിം പൂച്ച എന്നെ കടിക്കാൻ ഓടിച്ചു ... " നന്നായി കിതക്കുന്നുണ്ടായിരുന്നു അവൾ " എവിടെ ..ഏയ് നിനക്ക് തോന്നിയതാവും കുട്ട്യേ..,ഇവിടെ പലടത്തും പലതും കാണും ,ഒന്നും നോക്കാൻ പോണ്ടാന്ന് പറഞ്ഞട്ടില്ല്യേ നിന്നോട്..." മുത്തശ്ശിക്ക് ശാസനയുടെ സ്വരമായിരുന്നു അപ്പോൾ...
ശിവ ക്ഷേത്രത്തിൽ നിന്ന് പാടത്തിനു മുകളിലൂടെ മറുകര ലക്ഷ്യമാക്കി ഒരു പ്രകാശ ഗോളം പാഞ്ഞു പോയി ..., അക്കരെയുള്ള ദേവീക്ഷേത്രത്തിനടുത്തുള്ള
മനപറമ്പിലെ കരിമ്പനയിൽ എത്തി അതപ്രത്യക്ഷമായി .. പൂ പോലെ നിലാവ്, നിലാവിൽ മുങ്ങിക്കുളിച്ചു നിൽക്കുന്നു അമ്പലവും ആലും കുളവും കണ്ണെത്താ ദൂരം വിസ്തൃതിയിൽ പരന്നു കിടക്കുന്ന പാടവും .., അന്ന് പൗർണ്ണമിയായിരുന്നു .. ചന്ദ്രിക തലക്കു മുകളിൽ പ്രകാശം ചൊരിഞ്ഞു നിൽക്കുന്നു .. വവ്വാലുകൾ കൂട്ടമായി പറന്നു പോകുന്നതു കാണാം ,പാടം കൊയ്ത്തു കഴിഞ്ഞ് വേനലിൽ വിണ്ടുകീറി കിടക്കുന്നു .., പറമ്പിലെ കായ്കനികളിലെല്ലാം വവ്വാലുകൾ വന്ന് തൂങ്ങി കിടക്കുന്നുണ്ട്. ആകാശത്ത് വെളിച്ചം വീശി ഒരു കൊള്ളിയാൻ മിന്നി .., കാലം കോഴികൾ കൂവാൻ തുടങ്ങി ,അങ്ങറ്റത്ത് മറുകരയിൽ വൈമേലി കാവിലെ കരിമ്പനയിൽ നിന്ന് ഒരു തീഗോളം താഴേക്കിറങ്ങി വന്നു .., നായകൾ കൂട്ടത്തോടെ ഓരിയിടാൻ തുടങ്ങി .., സർപ്പങ്ങൾ ചീറ്റലോടെ ഫണമുയർത്തി നിന്നു .., എലികളും ചെറുജീവികളും പരക്കംപാച്ചിലോടെ സുരക്ഷിത സ്ഥാനങ്ങളിലൊളിച്ചു .ചുവന്ന തിളങ്ങുന്ന കണ്ണുകളുള്ള ഒരു കരിംപൂച്ച ഒരു മുരൾച്ചയോടെ കരിമ്പനയുടെ ചുവട്ടിൽ നിന്നു ,പെട്ടെന്ന് പ്രകൃതിയാകെ മാറി കിളികൾ തമ്മിൽ ആക്രമിക്കുമ്പോഴുള്ള ശീൽക്കാര ശബ്ദം കൊണ്ട് മുഖരിതമായി പ്രകൃതി,കാതടപ്പിക്കുന്ന ശബ്ദം ...
രക്ഷസിന്റെ തേർവാഴ്ചയ്ക്കുള്ള സമയമായി.. തീകട്ട പോലെ ജ്വലിക്കുന്ന കണ്ണുകളും പാമ്പിന്റെ നാക്കും രക്തം ഇറ്റുവീഴുന്ന വിഷപല്ലുകളും നിലം തൊടാത്ത കാലുകളും .. വെളുത്ത പുക പോലെ ആ രൂപം ശിവ ക്ഷേത്രത്തിനെ ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങി.. മുൻപിലായി കത്തി കൊണ്ടിരിക്കുന്ന തീ പന്തവും. നായ്കളുടെ ഓരിയിടൽ അരൂപികളെ കണ്ടിട്ടെന്ന പോലെ ഉച്ചത്തിലായി ..., കാലൻകോഴിയുടെ കൂവൽ രക്ഷസ്സിനെ പിന്തുടർന്നു കൊണ്ടിരുന്നു .., അവയുടെ ചിറകടിയൊച്ചയും .പോകുന്ന വഴിയിലെ ചീവിടുകൾ പോലും നിശബ്ദരാകുന്നു .രണ്ടു കരയിലും നിന്ന് നായകൾ നോക്കി ഓരിയിടുന്നുണ്ട് .നിലാവിൽ മുങ്ങി കുളിച്ചു നിൽക്കുന്ന പാടത്തിലൂടെ രക്ഷസ്സിന്റെ തേർവാഴ്ച ദൂരെ നിന്നേ കാണാം .. വല്ലാത്തൊരു ഭീകരത ,പേടിപ്പെടുത്തുന്ന കാഴ്ച .അടുത്തു വരുംതോറും വവ്വാല്ലുകൾ വലിയ ശബ്ദത്തോടെ ഒച്ചയുണ്ടാക്കി പറന്നകലുന്നു .രക്ഷസ്സ് അമ്പല കുളത്തിന് അടുത്തെത്തി വെള്ളത്തിന് മുകളിലൂടെ സഞ്ചരിച്ചു .തീ പന്ത മണഞ്ഞു .രക്ഷസ്സ് വെള്ളത്തിലേക്ക് താഴ്ന്നു പോയി .. ആ ഭാഗത്തായി വെള്ളം ശക്തിയായി തിളച്ചു മറിഞ്ഞു കൊണ്ടേയിരുന്നു .
"മുത്തശ്ശീ..വല്ലാതെ നായകൾടെ കുരയും കാലൻ കോഴീടെ കൂവലും ... " ,"വല്ല രക്ഷസ്സിന്റെ തേർവാഴ്ചയുമാവും മിണ്ടാതവിടെ കിടന്നുറങ്ങു വേണീ.... " അവൾക്കൊട്ടും ഉറക്കം വന്നില്ല .., അവൾ പതുക്കെ എണീറ്റ് ശബ്ദമുണ്ടാക്കാതെ ജനാല തുറന്നു. നിലാവിൽ മുങ്ങി കുളിച്ചു നിൽക്കുന്ന പറമ്പും അമ്പലവും നോക്കെത്താ ദൂരം പാടവും .., ആ നിലാവിനോട് വല്ലാത്തൊരു പ്രണയം തോന്നി അവൾക്ക്.. അനന്തേട്ടൻ കൂടെ ഉണ്ടായിരുന്നുവെങ്കിൽ... ഈ നിലാവത്ത് ആ പാടത്തും പറമ്പിലും വർത്തമാനം പറഞ്ഞു നടക്കുവാൻ കൊതിയാവുന്നു.., അവൾ മെല്ലെ മുറിയുടെ വാതിൽ തുറന്ന് പുറത്തിറങ്ങി ,
ഇരുളിൽ മറഞ്ഞിരുന്ന രണ്ട് ചുവന്ന കണ്ണുകൾ അവളറിയാതെ അവളെ പിന്തുടർന്നു.തന്റെ ചിന്തയേയും പ്രവൃത്തിയേയും ആരോ നിയന്ത്രിക്കുന്നതു പോലെ തോന്നി അവൾക്ക്.. തലക്ക് മത്തുപിടിക്കുന്നതു പോലെ .. അവൾ അവളല്ലാതാവുകയായിരുന്നു ,ഒരജ്ഞാത ശക്തിയുടെ പിടിയിലമർന്ന പോലെ തോന്നി അവൾക്ക്, മുത്തശ്ശിയേയും അഛ്ചനേയും മനസ്സിലോർമ്മ വന്നു.., അവരെ ഒന്നുറക്കെ വിളിക്കാൻ തോന്നി അവൾക്ക് ,പറ്റുന്നില്ല വായിൽ നിന്ന് ഒരക്ഷരം പോലും പുറത്തു വന്നില്ല.ചുവന്ന കണ്ണുകളുള്ള ഒരു കരിം പൂച്ച അവളെ പിന്തുടർന്നു ..ചുവന്ന പട്ടുകൊണ്ട് അരപ്പട്ട കെട്ടിയ, കയ്യിൽ വാളും ചിലമ്പും അരമണികിലുക്കവുമുള്ള മുൻപിൽ തീപ്പന്തവുമായി ഒരവ്യക്ത രൂപം അവളുടെ മുൻപിൽ തെളിഞ്ഞു .. " ഉം നടക്ക് " ആ ആജ്ഞാ സ്വരത്തിൽ അവൾ അനുസരണയുള്ള ഒരു കുട്ടിയെ പോലെ ആ രൂപത്തിനു പിറകിലായി നടന്നു. ആ രൂപം പോകുന്നത് അമ്പലകുളത്തിനടുത്തേക്കാണെന്നവൾക്കു മനസ്സിലായി '' ഉം..ഇറങ്ങ് " ആ രൂപം അവളോട് ആജ്ഞാപിച്ചു. കുളത്തിന്റെ പടവുകൾ ഓരോന്നായിറങ്ങി അരക്കൊപ്പം വെള്ളത്തിലായി അവൾ പെട്ടെന്നവളുടെ മുൻപിൽ വെള്ളത്തിൽ നിന്ന് നീർകുമിളകൾ ഉയരാൻ തുടങ്ങി.പെട്ടെന്ന് നാലുപാടും വെള്ളത്തെ ചിതറി തെറിപ്പിച്ചു കൊണ്ട് വലിയൊരലർച്ചയോടെ, തീ കണ്ണുകളും ചോരയൊലിപ്പിക്കുന്ന ദ്യംഷ്ടങ്ങളും പുറത്തേക്ക് തള്ളിയ നാക്കുകളുമായി ഒരു രൂപം വെള്ളത്തിൽ നിന്നുയർന്നു വന്നു.
ആ രൂപത്തിന്റെ കൈവിരലുകൾ അവളുടെ കഴുത്തിലമർന്നു, അവളെ വെള്ളത്തിലേക്ക് മുക്കി താഴ്ത്താൻ തുടങ്ങിയതും ...'' വേണീ... " എന്ന ഒരു വിളിയിൽ അവിടമാകെ പ്രകംബനം കൊണ്ടു. അഛ്ചൻ തിരുമേനിയാണ്. അയാൾ നെഞ്ചിൽ കൈവച്ച് ഒരു നിമിഷം കണ്ണുകളടച്ച് മന്ത്രങ്ങളുരുവിട്ടു. ആ രൂപം അവളുടെ മേലുള്ള പിടി വിട്ട് വെള്ളത്തിലേക്ക് താഴ്ന്നു പോയി .വേണിയുടെ കണ്ണുകളടഞ്ഞു .., തലകറങ്ങി ബോധം നഷ്ടപ്പെട്ട അവൾ വെള്ളത്തിലേക്ക് വീണു. അയാൾ ഓടി വന്നവളെ കോരിയെടുത്ത് വീടിനെ ലക്ഷ്യമാക്കി നടന്നു ..
വേണിയുടെ കുട്ടികാലത്ത് ,പ്രശ്ന വിധിയാൽ ദേവനെ പുനപ്രതിഷ്ഠിച്ചപ്പോൾ ദേവനെ ആവാഹിച്ചിരുത്താൻ വേണ്ട കന്യകയായത് വേണിയായിരുന്നു. അന്നു മുതൽ ഒരു അദ്യശ്യ ശക്തി അവൾക്കുണ്ടായിരുന്നു.എന്നിട്ടും ഇങ്ങനെ ഒരാപത്ത് അവൾക്കു വന്നെങ്കിൽ എന്തായിരിക്കും അതിന്റെ കാരണം എത്ര ആലോചിച്ചിട്ടും ഒരു നിഗമനത്തിലെത്താൻ അയാൾക്കായില്ല. ബ്രഹ്മദത്തൻ തിരുമേനിയുടെ ഉറക്കമില്ലാത്ത രാത്രികളുടെ ആരംഭമായിരുന്നു അന്നു മുതൽ .രാവിലെ അവൾ പതിവുപോലെ ഉറക്കമുണർന്നു, പക്ഷെ കരിനീല നിറത്തിലുള്ള ,കഴുത്തിൽ വിരലമർന്ന പാടുകൾ അവളിൽ അവശേഷിച്ചിരുന്നു.
സമയമിഴഞ്ഞു നീങ്ങി ,നാളെ രാവിലെ തന്റെ അനന്തേട്ടൻ തന്നെ കാണാൻ വരുന്ന ദിവസമാണ്. അതോർത്ത് അവളുടെ ഹൃദയം പെരുമ്പറ കൊട്ടികൊണ്ടിരുന്നു .സമയം സന്ധ്യയോടടുത്തു ഇരുൾ പരത്തുന്ന സന്ധ്യയുടെ ഭീകരത..." വേണീ.... ഈ കുട്ടി എന്താലോചിച്ചോണ്ടാ നടക്കണെ കാവില് വിളക്കു വച്ചോ നീയ്യ് .....? ", "ഇല്ല മുത്തശ്ശി... ഇപ്പൊ വക്കാം....", അവൾ കാവിലേക്ക് നടന്നു .., കാവിൽ ഏഴിലം പാല പൂത്തു നിൽപുണ്ട് എങ്ങും പാലപൂവ്വിന്റെ സുഗന്ധം വായുവിൽ പരക്കുന്നു ...., നിലത്തെല്ലാം പാലപ്പൂ കൊഴിഞ്ഞു കിടക്കുന്നുണ്ട്.. " വിളക്കു കൊളുത്തീട്ട് വേഗംങ്ങട് വാ കുട്ട്യേ... ഗദ്ധർവ്വൻമാര് ഇറങ്ങണ നേരാ....".,
"എന്റെ മേല് ഒരു ഗന്ധർവ്വനും കൂടി ല്ല്യ.., എന്റെ ഗന്ധർവ്വൻ നാളെ രാവിലെ ഇങ്ങട് വരും... " അവൾ മുത്തശ്ശി കേൾക്കാതെ സ്വരം താഴ്ത്തി പറഞ്ഞു .പക്ഷെ............ ഏഴിലം പാലയിലെ കൊമ്പിൽ ചുറ്റി പിണഞ്ഞുകിടന്നിരുന്ന ഒരു സർപ്പം പതുക്കെ താഴോട്ട് ഇഴഞ്ഞ് ഇറങ്ങി കൊണ്ടിരുന്നത് അവളറിഞ്ഞില്ല ..., കാവിൽ നിന്ന് ഇല്ലത്തേക്ക് നടന്ന അവളെ ആ സർപ്പം പിന്തുടർന്നു ....
"മുത്തശ്ശിയോട് പിണക്കാ ... ഇന്ന് ഞാനെന്റെ റൂമിലാ ഉറങ്ങണെ മുകളില് .. മുത്തശ്ശിനെ രാത്രി ഗന്ധർവ്വൻ വന്ന് പിടിക്കട്ടെ .. ", "ഈ കുട്ടിയെ കൊണ്ട് ഞാൻ തോറ്റു .. ഇരുപത്തെട്ട് കഴിയണേന് മുൻപ് പോയതാ നിന്റെ അമ്മ ,ഇതു വരെ നോക്കി വളർത്തിയ മുത്തശ്ശിയോട് തന്നെ പിണങ്ങണോ വേണിയെ നിനക്ക്.... ", മുഖം വീർപ്പിച്ച് ഗോവണി കയറി റൂമിലേക്ക് പോയ അവൾ അതു കേട്ടില്ല.അവൾ വാതിലടച്ചു കിടന്നു...
സത്യത്തിൽ മുത്തശ്ശിയോട് പിണങ്ങിയിട്ടല്ല ഒറ്റക്ക് അനന്തേട്ടനെ ഓർത്തു കിടക്കാൻ.., ഉറങ്ങാതെ നേരം വെളുപ്പിക്കാൻ ..., അതിനാ ശരിക്കും പിണക്കം നടിച്ച് റൂമിലേക്ക് പോന്നത് .അടുത്ത കാലത്തൊന്നും മുത്തശ്ശിയെ പിരിഞ്ഞുറങ്ങിയിട്ടില്ല.., വിഷമാവ്ണു..., സാരല്ല്യ വെളുക്കുമ്പോ പിണക്കെല്ലാം മാറും .. അവളൊരുപാട് കിനാവുകൾ കണ്ട് ഉറങ്ങി പോയതറിഞ്ഞില്ല.
മുകളിൽ ഓടിന്റെ വിടവിലൂടെ സർപ്പം അവളുടെ റൂമിലേക്ക് ഇഴഞ്ഞു നീങ്ങി.., ഒരു നിമിഷമത് ഫണമുയർത്തി അവളെ തന്നെ നോക്കി നിന്നു...., നാക്കു പുറത്തേക്ക് നീട്ടി മെല്ലെ താഴേക്കിറങ്ങി...
രക്ഷസിന്റെ ചിരി അട്ടഹാസമായി വായുവിൽ മുഴങ്ങി .. ചങ്ങല വലിക്കുന്ന ഒച്ചയോടെ അത് വേണിയെ ലക്ഷ്യമാക്കി നടന്നടുത്തു .. അവൾ ഓടി .. ഓടും തോറും അത് അടുത്തേക്കടുത്തേക്കു വന്നു .. ഓടിയോടി അവൾ തളർന്നു... ഒരു മരത്തിൽ ചാരി നിന്നു കിതപ്പോടെ.. ഒരു ചുട്ടുപഴുത്ത ശൂലം അവൾക്കു നേരെ പാഞ്ഞടുത്തു കാലു കുഴഞ്ഞു വീഴുന്നതു വരെ വീണ്ടുമവൾ എഴുന്നേറ്റ് ഓടി.., ശൂലം പാഞ്ഞടുത്തു .ഒരു നിമിഷം ആ ശൂലം പിടിച്ചെടുത്ത് ആ രൂപം അവളുടെ വയറിനെ ലക്ഷ്യമാക്കി ആഞ്ഞു കുത്തിയിറക്കി .ചുട്ടുപഴുത്ത ഇരുമ്പിൽ ചോര നനഞ്ഞ് ശീൽക്കാരത്തോടെ പുകച്ചുരുളുകൾ ഉയർന്നു ...,വല്ലാത്തൊരലർച്ചയിൽ അവൾ ഉറക്കത്തിൽ നിന്ന് ചാടിയെഴുന്നേറ്റു .മുറിയിലാകെ കൂരിരുട്ട് ... അതാ മുൻപിൽ നിൽക്കുന്നു തീ കട്ട കണ്ണുമായി ആ രൂപം അവൾക്കൊന്നു ശബ്ദിക്കാൻ പറ്റുന്നതിനു മുൻപെ അതവളുടെ കഴുത്തിൽ പിടിമുറുക്കി...,കണ്ണുകൾ പുറത്തേക്ക് തള്ളി.. ശ്വാസം കിട്ടാത്തവൾ പിടഞ്ഞു..., കുതറി മാറി എഴുന്നേറ്റ് ഓടി വാതിൽ തുറക്കാൻ ശ്രമിച്ചു ..., ഇല്ല സാധിക്കുന്നില്ല പുറത്തു നിന്ന് ആരോ പൂട്ടിയിരിക്കുന്നു.., അവൾ നിലത്തു വീണു കിടന്ന് പിടഞ്ഞു ... സർപ്പം അവളുടെ കാലിൽ ചുറ്റിവരിഞ്ഞു ... അതിന്റെ കണ്ണുകൾ ഇരുട്ടിൽ നീല നിറത്തിൽ തിളങ്ങുന്നുണ്ടായിരുന്നു ... ശീൽക്കാര ശബ്ദത്തോടെ അതവളുടെ കാലിൽ ആഞ്ഞു കൊത്തി.. വീണ്ടും.. വീണ്ടും.. പലവട്ടം.. അവളുടെ പിടച്ചിൽ നിന്നു ശരീരം തളർന്നു, കണ്ണുകൾ മേലോട്ടു കയറി ,മൂക്കിൽ നിന്ന് രക്തം ഒഴുകാൻ തുടങ്ങി .. കണ്ണുകളടഞ്ഞു.
ബ്രഹ്മദത്തൻ തിരുമേനി ഉറക്കത്തിൽ നിന്ന് ചാടിയെഴുന്നേറ്റു.., വേണിക്ക് അപകടം.., അയാൾ ഓടി വന്ന് വാതിൽ തുറന്ന് ലൈറ്റ് ഓൺ ചെയ്തു. നിലത്ത് രക്തം തളം കെട്ടാൻ തുടങ്ങിയിരിക്കുന്നു .. മുറിയിലാകെ പുകച്ചുരുൾ മാത്രം.... അയാൾ അവളെ കോരിയെടുത്തു..
....മോണിറ്ററിൽ പൾസ് കൂടിയും കുറഞ്ഞും നിൽക്കുന്നു .. "രക്ഷയില്ല കുറച്ചു സമയം കൂടിയെ വേണി ജീവിക്കൂ... ഒരു ദു:ഖ വാർത്ത കേൾക്കാൻ റെഡിയായിരിക്കുക .. അറിയിക്കേണ്ടവരെ ഒക്കെ അറിയിക്കുക ", ഡോക്ടർ അതു പറഞ്ഞതും നഴ്സിന്റെ വിളി കേട്ട് വേഗത്തിൽ ICU വിലേക്ക് പോയി. അവളുടെ നെഞ്ചിൽ ഡോക്ടർ ആഞ്ഞമർത്തുന്നതു കാണാം.. ഡോക്ടർമാരും നഴ്സുമാരും അവളുടെ ബഡ്ഡിനു ചുറ്റും കൂട്ടമായി നിൽക്കുന്നുണ്ട് .മോണിറ്ററിൽ പൾസ് റേറ്റ് കുറഞ്ഞു വന്ന് പൂജ്യമായി.., അവളുടെ ശ്വാസം നിലച്ചു. അവസാനത്തെ ഒരു ചടങ്ങെന്നപോലെ ECG എടുക്കാൻ ആരംഭിച്ചു. " ക്ഷമിക്കണം മാക്സിമം ഞങ്ങൾ ശ്രമിച്ചു..വേണി പോയി " നടന്നു നീങ്ങിയ ഡോക്ടറെ നോക്കി നെഞ്ചു പൊട്ടുമാറ് ഉച്ചത്തിൽ കരഞ്ഞുകൊണ്ട് അഛ്ചൻ തിരുമേനി നിലത്തിരുന്നു.
മേഴത്തൂർ ഗ്രാമം അന്ന് ഉറക്കമുണർന്നത് സങ്കടകരമായ ആ ദുഃഖ വാർത്ത കേട്ടു കൊണ്ടാണ് .ഇല്ലിക്കൽ തറവാട്ടിലെ കൃഷ്ണവേണി മരിച്ചു
.....വേണിക്കാദ്യമായി ഉടുക്കുവാൻ വാങ്ങിയ പട്ടുസാരിയുമായ് അനന്തൻ ഇല്ലത്തെ ലക്ഷ്യമാക്കി നടന്നു .. എന്തായിരിക്കും എന്നോടവൾക്ക് പറയാനുള്ള രഹസ്യം എന്തിനാണ് എത്രയും പെട്ടെന്ന് കാണണമെന്ന് പറഞ്ഞ് എന്നെ വിളിച്ചു വരുത്തിയത് .. അന്നത്തെ മധുര സ്മരണകൾ ഓർത്ത് അയാൾ നടന്നു... മുള്ളുവേലി കെട്ടിയ ചെമ്മൺ പാതയും കടന്ന് ഇല്ലിക്കലിലെ വീടിനു മുൻപിലെത്തിയതും നിറയെ ഒരാൾ കൂട്ടം... ഈശ്വരാ..മുത്തശ്ശിക്കെന്തെങ്കിലും..അനന്തൻ ഓടി...."എന്താ.. എന്തു പറ്റി മുത്തശ്ശിക്കെന്തെങ്കിലും ...", ആർക്കും ഒന്നും മിണ്ടാൻ പറ്റാതെ അവർ പരസ്പരം നിസ്സഹായതയോടെ നോക്കി, ദൂരേ നിന്ന് അലാറാം മുഴക്കി കൊണ്ട് ആമ്പുലൻസ് എത്തിച്ചേർന്നു .. " അനന്താ..മുത്തശ്ശിക്കല്ല ..", "പിന്നെ..", "നിന്റെ വേണിക്കാണ്.... ",
"എന്റെ വേണിക്കെന്താ പറ്റിയെ ആരെങ്കിലും ഒന്നു പറയ്... ", " നിന്റെ വേണി... "
" നിന്റെ വേണി മരിച്ചു പോയെടാ ..." ആൾക്കൂട്ടത്തിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു.
നീലച്ചു തുടങ്ങിയ വെള്ള പുതച്ച അവളുടെ ശരീരം കാണുന്നതിന് മുൻപെ അയാൾ ബോധരഹിതനായി നിലം പതിച്ചു .അവളുടെ അന്ത്യയാത്രയായി വന്ന ആംബുലൻസ് അനന്തനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പാഞ്ഞു.... ഒരു നിമിഷം .. റിയർ വ്യൂ മിററിൽ നോക്കിയ ഡ്രൈവർ തെല്ലൊന്നമ്പരന്നു... പുറകിൽ ആരേയും കാണുന്നില്ല..., വിശ്വാസം വരാതെ അയാൾ പുറം തിരിഞ്ഞു നോക്കി .. ആ കാഴ്ച കണ്ടയ്യാൾ ഞെട്ടി തരിച്ചു തലയില്ലാത്ത ഒരു സ്ത്രീരൂപം പിറകിൽ....തല നിലത്ത് ചോരയിൽ കുളിച്ചു കിടന്ന് പിടയുന്നു..... ഒരു നിമിഷം. അയാളുടെ കയ്യിൽ നിന്ന് വണ്ടിയൊന്നു പാളി ... ഇലക്ട്രിക് പോസ്റ്റ് തകർത്തു കൊണ്ട് ഒരു കടയുടെ ഷട്ടർ തകർത്ത് വണ്ടി അകത്തു കയറി നിന്നു ..., ബീക്കൺ ലൈറ്റിന്റെ ഒച്ച മാത്രം നിറുത്താതെ മുഴങ്ങികൊണ്ടിരുന്നു.
"വേണിയുടെ ശേഷക്രിയക്കുള്ള കർമ്മങ്ങൾ പുരോഗമിച്ചു.., മറ്റൊരു ദുരന്ത വാർത്ത... കേട്ടവർ കേട്ടവർ അടുത്ത ബന്ധുക്കളെ അറിയിക്കാതെ അടക്കം പറഞ്ഞു തുടങ്ങി. വേണിയുടെ ദേഹം ചിതയിലേക്കെടുത്തു കിടത്തി,ഇരുപത്തെട്ടു തികയും മുൻപെ അനാഥയായ ആ പെൺകുട്ടിയെ വളർത്തി വലുതാക്കിയ ആ മുത്തശ്ശിയുംടെയും ,ഹതഭാഗ്യനായ ആ പിതാവിന്റെയും സങ്കടം അണപൊട്ടി ഒഴുകി .., അവസാനമായി അയാൾ മകളുടെ മൂർദ്ധാവ്വിൽ ഉമ്മവച്ചു .കണ്ണിൽ നിന്നുതിർന്ന കണ്ണുനീർ അവളുടെ കൺപോളകളിലേക്ക് ഉതിർന്നുവീണു. ഒരു നിമിഷം .. അവളുടെ കൺപോളകൾ ഒന്നു ചലിച്ചുവോ ...., അയാൾ സൂക്ഷ്മതയോടെ വീണ്ടും വീണ്ടും നോക്കി... ഉവ്വ് ....സത്യമാണ്..., കൺപോളകൾക്കടിയിൽ കണ്ണ് ഇടക്ക് ഇമവെട്ടുന്നു .. "മോൾക്ക് ജീവനുണ്ട് വേഗം ഒരു വണ്ടി എടുക്ക്.... " അയാൾ ഉറക്കെ അലറി ..
കുന്നത്തുവളപ്പിൽ വിഷ ചികിൽസാ മഠം ബ്രഹ്മശ്രീ രാഘവൻ തിരുമുൽപ്പാട് ,കടിച്ച പാമ്പിനെ വിളിച്ചു വരുത്തി വിഷമിറക്കുന്ന വിഷവൈദ്യൻ ..ഒരിരമ്പലോടെ വണ്ടി മoത്തിന്റെ മുൻപിൽ വന്നു നിന്നു " നോം എത്ര നേരായി മരുന്നും ഉണ്ടാക്കി വച്ച് നിങ്ങളെ കാത്തിരിക്കണൂ എന്താ എത്താൻ ഇത്ര വൈകിയത് ...", "അവളെ വേഗം ഇങ്ങട് കിടത്താ .. ", വേണിയെ എടുത്ത് ഇറയത്തെ കട്ടിലിൽ കിടത്തി .വൈദ്യരൊരു നിമിഷം കണ്ണടച്ചു പ്രാർത്ഥനയിൽ മുഴുകി ....നാഡിപിടിച്ചു നോക്കി കൺ പോളകൾ തുറന്ന് പരിശോധിച്ചു... "കൃഷ്ണാ അതിങ്ങട് എടുക്കാ ....", ചുവന്ന പ്ലാവില കൊണ്ട് കുമ്പിളുണ്ടാക്കി എണ്ണ അവളുടെ ഒരു ചെവിയിലേക്ക് പകർന്നു, "എത്ര നേരായി ആശുപത്രീന്ന് മടക്കീട്ട്... അഞ്ചു മണിക്കൂറിൽ കൂടുതലായോ.. എന്നാ രക്ഷയില്ല... ", ആരും ഒന്നും മിണ്ടിയില്ല
" ഈ എണ്ണ അപ്പുറത്തെ ചെവിയിലൂടെ വരണം എന്നാ രക്ഷപ്പെട്ടു ജീവനുണ്ട്..., ജീവൻ ഒളിച്ചിരിക്ക്യാവും എന്ന് തന്യാ എന്റെ തോന്നല് .... ",സെക്കന്റുകൾ..... മിനിറ്റുകൾ ... നെടുവീർപ്പുകൾ ... എണ്ണ മറ്റേ ചെവിയിലൂടെ ഇറ്റിറ്റു വീഴാൻ തുടങ്ങി .... "ഹാവൂ രക്ഷപ്പെട്ടു .. പ്രാണൻ വിട്ടട്ടില്ല.. " കൃഷ്ണാ അതിങ്ങട് എടുത്തോളൂ... "
കറുത്ത ഉമ്മത്തിന്റെ നീരും പച്ചമരുന്നുകളുടെ നീരും ചേർത്ത് അവളുടെ മൂക്കിലേക്ക് ഓരോ തുള്ളിയായി ഇറ്റിച്ചു കൊണ്ടിരുന്നു...,"പേടിക്കണ്ട എല്ലാം ശരിയാവും..." വൈദ്യർ ആത്മഗതമെന്നോണം പറഞ്ഞു. നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി ....
അവളുടെ കണ്ണുകൾ ഇമവെട്ടാൻ തുടങ്ങി ... പതുക്കെ കൈകാലുകൾ ചലിപ്പിച്ചു... നെഞ്ചിടിപ്പ് താളത്തിലാവാൻ തുടങ്ങി... തെല്ലൊരലർച്ചയോടെ പല്ലും നാക്കും കടിച്ചു കൊണ്ട് തലയുയർത്തി അവൾ... അവളുടെ മുഖത്തേക്ക് വെള്ളം തളിച്ചു വൈദ്യർ... അവൾ കണ്ണുകൾ തുറന്നു .... എല്ലാവരും സന്തോഷം കൊണ്ട് മതി മറന്നു ." കൃഷ്ണാ കുട്ടിക്ക് കുടിക്കാൻ ഇളനീര് കൊടുക്കൂ ... "
" കുട്ടി കുറച്ചു നേരം വിശ്രമിക്കട്ടെ ..കുറച്ച് കഷായത്തിന് കുറിപ്പ് എഴുതുവാനുണ്ട്... അത് കഴിഞ്ഞ് വീട്ടിൽ പോകാം ഒരു കുഴപ്പവുമില്ലാണ്ട്... 6 മാസം മരുന്ന് പഥ്യം തെറ്റാതെ കഴിക്കണം ... " വൈദ്യർ മരുന്നുകളെല്ലാം കുറിച്ചു കൊടുത്തു ...
അവൾ ചുറ്റും നിന്നവരെ നോക്കി..ആദ്യം തിരക്കിയത് അനന്തനെയാണ് ..," അനന്തേട്ടൻ എവിടെ .. അനന്തേട്ടൻ വന്നില്ലെ....? എനിക്കിപ്പൊ കാണണം അനന്തേട്ടനെ..." ,അവൾ വല്ലാതെ വാശി പിടിച്ചു തുടങ്ങി ... " വരട്ടെ.. വീട്ടിലെത്തട്ടെ.. എന്നിട്ട് കാണാലോ...,
ആംബുലൻസ്അപകടത്തിൽപ്പെട്ടു,ഡ്രൈവർ തൽക്ഷണം മരിച്ചു .രോഗി അതി ഗുരുതരാവസ്ഥയിൽ .. അന്നത്തെ സായാഹ്ന പത്രങ്ങളിലെ ചൂടുള്ള വാർത്ത അതായിരുന്നു .ആർക്കും ആ വാർത്ത അവളോടു പറയാനുള്ള ധൈര്യം ഉണ്ടായില്ല .., പക്ഷെ അവൾ എങ്ങിനെയോ എല്ലാം അറിഞ്ഞു ..
" ന്റെ തേവരേ... നിനക്ക് എന്റെ ജീവനെടുത്തിട്ട് എന്റെ അനന്തേട്ടനെ വെറുതെ വിടായിരുന്നില്ലേ..., എനിക്ക് വേറെ ഒന്നും വേണ്ട അനന്തേട്ടനെ ജീവനോടെ തന്നാൽ മാത്രം മതി ... " അമ്പലത്തിന്റെ നടയിൽ നിന്ന് അവൾ മനസ്സുരുകി പ്രാർത്ഥിച്ചു.....
ആശുപത്രിയിൽ ICU വിന് മുൻപിൽ കരഞ്ഞു കലങ്ങിയ മുഖഭാവത്തോടെ അവൾ നിന്നു.."അനന്തന് തലക്കാണ് പരിക്ക്.. അയാൾ അപകട നില തരണം ചെയ്തു ,പക്ഷെ അയാൾ ഇനി പഴയ ജീവിതത്തിലേക്ക് മടങ്ങി വരില്ല .. സംസാരിക്കില്ല.., പഴയ ഓർമ്മകൾ ഉണ്ടാവില്ല.., പ്രതികരണ ശേഷി ഉണ്ടാവില്ല.., ഇനി ആകെ ഉള്ള ഒരു പ്രതീക്ഷ ഒരു ഓപ്പറേഷനാണ് .. ഈ കണ്ടീഷനിൽ ചെയ്യാൻ ബുദ്ധിമുട്ടാണ് ... ചെയ്യണമെങ്കിൽ ഈ അവസ്ഥയിൽ കാര്യമായ മാറ്റം ഉണ്ടാവണം ഒരു മിറാക്കിൾ സംഭവിക്കണം.. പ്രാർത്ഥിക്കുക... " ഡോക്ടർ പറഞ്ഞു നിർത്തി,"ഞാൻ പൊന്നുപോലെ നോക്കും എന്റെ അനന്തേട്ടനെ മരണത്തിലും കൂട്ടായി ഞാനുണ്ടാവും ... ",വല്ലാത്തൊരു നിശ്ചയ ദാർഢ്യമായിരുന്നു വേണിയുടെ വാക്കുകൾക്ക് .., എല്ലാ എതിർപ്പുകളും മറികടന്ന് അനന്തുവിനെ ക്യഷ്ണവേണി ശിശ്രൂഷിച്ചു..., അവളുടെ ശേഷിച്ച ജീവിതം അതിനു വേണ്ടിയവൾ ഉഴിഞ്ഞുവച്ചു....
ഒരു പാട് ഡോക്ടർമാർ പ്രഗല്ഭരായ വൈദ്യൻമാർ .., ചികിൽസകൾ മുറക്കു തന്നെ നടന്നു, ഒരു ചെറിയ മാറ്റമെങ്കിലും ഉണ്ടാവണേന്ന് അവൾ മനമുരുകി പ്രാർത്ഥിച്ചു കൊണ്ടെയിരുന്നു..
വല്ലാത്തൊരു നെടുവീർപ്പോടെ പഴയ കാല ഓർമ്മകളിൽ നിന്നവൾ ഉണർന്നു ... ഒന്നല്ല പത്തുവർഷം കടന്നു പോയിരിക്കുന്നു എല്ലാം നടന്നിട്ട്... എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു..... " അമ്മേ... വിശക്കണു മാളൂന്ന്.... "വേണിയുടെ മോളാണ് മാളവിക.... അനന്തന്റേയും.. ഒൻപതു വയസ്സായിരിക്കുന്നു അവൾക്ക് .. അനന്തന്റെ ആഗ്രഹമായിരുന്നു മോളുണ്ടായാൽ മാളവികാന്ന് പേരിട്ട് മാളൂന്ന്
വിളിക്കണംന്ന്.... പത്തു വർഷങ്ങൾക്ക് ശേഷം അനന്തുവിന് ഇപ്പോഴാണ് മാറ്റങ്ങൾ കണ്ടുതുടങ്ങിയത് ... കേട്ടപ്പോൾ തന്നെ ഡോക്ടർ ഓപ്പറേഷന് നിർദേശിക്കുകയായിരുന്നു ..അകത്ത് ഓപ്പറേഷൻ തിയ്യറ്ററിൽ ഓപ്പറേഷൻ പുരോഗമിക്കുകയാണ് .. 6 മണിക്കൂർ നീണ്ട ശസ്ത്രക്രിയ അവസാനിച്ചു ... " ഡോക്ടർ വിളിക്കുന്നു ..." ഡ്യൂട്ടി നഴ്സാണ് "ഓപ്പറേഷൻ വിജയകരമായിരുന്നു ..പ്രാർത്ഥിക്കൂ നൂറു ശതമാനം നിങ്ങളുടെ പഴയ അനന്തനെ തിരികെ കിട്ടണെ എന്ന് ,കുറച്ച് കഴിഞ്ഞ് ICU വിലേക്ക് മാറ്റും .. വേണമെങ്കിൽ ഒരാൾക്ക് കയറി കാണാം.... ","ഒരു പാട് നന്ദി ഡോക്ടർ .... വാക്കുകളില്ല നന്ദി പറയാൻ ... അവൾ തൊഴുകൈകളോടെ ഡോക്ടറുടെ മുൻപിൽ നിന്നു.
ദിവസങ്ങൾ കടന്നു പോയി അനന്തൻ സുഖം പ്രാപിച്ചു വരുന്നു .... അയാളെ റൂമിലേക്ക് മാറ്റി.., അയാൾ പലരേയും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു ..., പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു അവൾ അനന്തന്റെ റൂമിലേക്ക് നടന്നു... ഈശ്വരാ അനന്തേട്ടന് ഓർമ്മ വന്നതിനു ശേഷം ആദ്യമായി കാണാൻ പോവാണ് ... ഒരു പക്ഷെ തന്നെ തിരിച്ചറിഞ്ഞില്ലെങ്കിൽ ... അവളുടെ മനസ്സിൽ അശുഭ ചിന്തകൾ നിറഞ്ഞു.. "വേണീ ... " അയാൾ പതിഞ്ഞ സ്വരത്തിൽ അവളെ വിളിച്ചു .. "അനന്തേട്ടാ.. ഓർമ്മയുണ്ടോ അന്ന് ഒരു സർപ്രൈസ് പറയാനുണ്ട് എന്ന് പറഞ്ഞ് വരാൻ പറഞ്ഞത് ..", അയാൾ മെല്ലെ തലയാട്ടി .. "ഇതാണ് അനന്തേട്ടാ അന്നു പറയാൻ പറ്റാതെ പോയ സർപ്രൈസ് .. നമ്മുടെ മകൾ മാളവിക..നമ്മുടെ മാളു... " "എന്നും അവൾ ചോദിക്കും അഛ്ചൻ എന്നാ അമ്മെ മാളൂനോട് മിണ്ടാന്ന്..." വേണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
അയാൾ വാൽസല്യത്തോടെ മാളുവിനെ നോക്കി... തലയാട്ടി ആംഗ്യത്തോടെ അവളെ അരികിലേക്ക് വിളിച്ചു ..ഒരഛ്ചന്റെ വാൽസല്യത്തോടെ ഉമ്മകൾ കൊണ്ടു നിറച്ചു.. വേണിക്ക് ഒരു പാട് വിശേഷങ്ങൾ പറയാനുണ്ടായിരുന്നു അനന്തുവിനോട് ... കഴിഞ്ഞ പത്തു വർഷത്തെ വിശേഷങ്ങൾ ...
" അന്നത്തെ സംഭവത്തിന് ശേഷം 6 മാസം കഴിഞ്ഞപ്പോൾ മുത്തശ്ശി മരിച്ചു .പിന്നെ ഞാനും അഛ്ചനും അനന്തേട്ടനും മാത്രമായി ഇല്ലത്ത്.. അഛ്ചന്റെ നിർബന്ധത്തിനു വഴങ്ങി അനന്തേട്ടന്റെ വീട്ടിലേക്ക് നമ്മൾ താമസം മാറ്റി.. പിന്നെ മാളു ജനിച്ചു .. 2 വർഷം കഴിഞ്ഞപ്പോൾ പാവം എന്റെ അഛ്ചൻ ....ദുർമരണമായിരുന്നു.... പുലർച്ചെ 3 മണിക്ക് എണീറ്റ് അമ്പലകുളത്തിൽ കുളിക്കാൻ പോയതാ പിന്നെ പിറ്റെ ദിവസാ....." അവളുടെ വാക്കുകൾ മുറിഞ്ഞു.നമ്മളിത്രയും നാൾ ജീവിച്ചത് അനന്തേട്ടന്റെ വീട്ടിലാ ... അഛ്ചൻ പോയതിൽ പിന്നെ ഇല്ലത്തേക്ക് പോയില്ല വല്ലാത്തൊരു പേടിയായിരുന്നു അവിടെ...പഴയ ആ നാലുകെട്ടും പാമ്പുംകാവും ഒക്കെ പോയി ... "അവർ വിശേഷങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു..
പുറത്ത് കാലവർഷം തിമർത്തു പെയ്യുകയാണ് ... ഇന്ന് അയ്യാൾ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആകുന്ന ദിവസമാണ് .., പതുക്കെ നടക്കാൻ തുടങ്ങിയിരിക്കുന്നു അയാൾ "വേണീ " "ഉം " "നമുക്ക് ഇന്ന് വീട്ടിൽ പോകുന്ന വഴി ഒന്നവിടെ വരെ പോയാലോ "
" തറവാട്ടിലേക്കോ.. " "ആ " "മോളേയും കൊണ്ട് പോണോ.... " ,"സാരമില്ല പോവ്വാം "
ചെമ്മൺ പാത ടാറിട്ട റോഡായി മാറിയിരിക്കുന്നു, മുള്ളുവേലികൾ മതിലുകൾക്ക് വഴിമാറിയിരിക്കുന്നു .. പൂട്ടിയിട്ടിരിക്കുന്ന തുരുമ്പു പിടിച്ച ഗേറ്റിനു മുൻപിൽ അവർ പോയ കാലത്തിന്റെ സ്മരണകളോടെ ,നെടുവീർപ്പോടെ അകത്തേക്കു നോക്കി നിന്നു . മഴയത്ത് നിലം പൊത്തി മൺകൂന പോലെയായിരിക്കുന്നു ആ നാലുകെട്ട് .മുറ്റവും തൊടിയും നിറയെ ഒരാൾ പൊക്കത്തിൽ പുല്ലു മുളച്ചിരിക്കുന്നു. അപ്പുറത്തെ ക്ഷേത്രം ഇപ്പൊ നാട്ടുകാരുടെ ഭരണ സമിതിയുടെ മേൽനോട്ടത്തിലാണ് .ഇല്ലിക്കൽ പാടം മലവെള്ളം നിറഞ്ഞ് കായൽ പോലെ പരന്നു കിടക്കുന്നു .അച്ഛന്റെയും അമ്മയുടെയും മുത്തഛ്ചന്റെയും മുത്തശ്ശിയുടെയും അസ്ഥിതറകൾക്ക് മാറ്റമൊന്നും ഉണ്ടായിട്ടില്ല അവർ അവിടെ വിളക്കുകൾ തെളിയിച്ച് പ്രാർത്ഥിച്ചു . "വേണീ... നമ്മുടെ അന്നത്തെ ആ മുറിയില്ലെ .. അവിടെ ഒന്നും കൂടെ കയറി നോക്കുവാൻ കൊതിയാവുന്നു... " നാണം കൊണ്ട് അവളുടെ മുഖം ചുവന്നു തുടുത്തു ..
" കുട്ടിക്കാലത്ത് വയൽ വരമ്പിലൂടെ അമ്പലത്തിൽ പോയതും താമര പറിച്ചതും അമ്പലക്കുളത്തിൽ മുങ്ങാംകുഴിയിട്ടതും പറമ്പു മുഴുവൻ ഓടി കളിച്ചു നടന്നതും കശുമാവും മൂവാണ്ടൻ മാവും തന്നൊരു വേനലവധിയിലെ മാമ്പഴകാലവും ഒരിക്കലും തിരിച്ചു വരാത്ത ഓർമ്മകൾ ലെ " പഴയ കൃഷ്ണവേണിയും അനന്തുവും അവിടെ എവിടെ ഒക്കെയോ ഉണ്ടെന്നവർക്കു തോന്നി. വല്ലാതൊരു ഗൃഹാതുരത്വത്തിന്റെ ഓർമ്മകളോടെ അവർ തിരിച്ചു നടന്നു .....
പെണ്ണായാൽ എന്റെ വേണിയെ പോലെ ആവണം... കോടി പുണ്യമാണവൾ... തുളസി തീർത്ഥം പോലെ പരിശുദ്ധമായ മനസ്സുള്ളവൾ... സത്യവാന്റെ ആത്മാവിനെ കാലപാശത്തിൽ നിന്ന് രക്ഷിച്ച സാവിത്രിയാണവൾ ... അയാളുടെ മനസ്സു മുഴുവൻ അവളായിരുന്നു....
തിരിച്ച് കാറിൽ കയറി .. മൊബൈലിൽ താനെടുത്ത ഫോട്ടോകളൊക്കെ നോക്കിയ വേണി ഞെട്ടിത്തരിച്ചിരുന്നു പോയി "നോക്ക് അനന്തേട്ടാ ഫോട്ടോയില്...അഛ്ചനും അമ്മയും മുത്തഛ്ചനും മുത്തശ്ശിയും അവ്യക്തമായ രൂപം പോലെ ശരിക്കും കാണാം ...അവരെല്ലാം നമ്മളെ കാണാൻ വന്നതാവും ലെ...." "ഉം..... " ദൂരേക്ക് കാർ അകന്നകന്നു പോയി കൊണ്ടിരുന്നു കണ്ണിൽ നിന്ന് മറയുവോളം അവൾ തിരിഞ്ഞു നോക്കി കൊണ്ടേയിരുന്നു...
പെട്ടെന്ന് അമ്പല പറമ്പിലെ കരിമ്പനയിൽ നിന്ന് ഒരു തീഗോളം താഴേക്കിറങ്ങി വന്ന് പാടത്തിനക്കരെ ദേവീക്ഷേത്രം ലക്ഷ്യമാക്കി പാഞ്ഞുപോയി ..
ശുഭം.
സ്നേഹപൂർവ്വം...,
മഹേഷ് മാധവൻ ഇരിങ്ങാലക്കുട .
No comments:
Post a Comment